എൽ.ഡി.എഫ്. പാർലമെന്ററിപാർട്ടി യോഗം; സിപിഎം വിളിച്ചു, വേണ്ടെന്ന് സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി തർക്കത്തിൽ പ്രത്യക്ഷപോര് തണുത്തെങ്കിലും സി.പി.എം.-സി.പി.ഐ. ഭിന്നത രൂക്ഷമായി തുടരുന്നു. യു.ഡി.എഫ്. അധികാരത്തിലെത്തിയശേഷം നടക്കുന്ന രണ്ടാമത്തെ നിയമസഭാ സമ്മേളനത്തിലും പാർലമെന്ററി പാർട്ടിയോഗം ചേരാൻ എൽ.ഡി.എഫിനായിട്ടില്ല. യോഗം ചേരണമെന്ന ആവശ്യവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടിരുന്നു. പ്രതിപക്ഷ ഉപനേതാവിന്റെ കാര്യത്തിൽ തീരുമാനമായിട്ടാകാം യോഗമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.
ഉപനേതാവ്സ്ഥാനം ഒഴിച്ചിട്ടെങ്കിലും തർക്കം ഒത്തുതീർപ്പാക്കണമെന്ന ഫോർമുല ഇരുപാർട്ടികളിലെയും ദേശീയനേതാക്കൾ ചർച്ചചെയ്തിരുന്നു. ഒത്തുതീർപ്പ് വേണ്ടെന്ന കടുത്തനിലപാടാണ് പ്രതിപക്ഷനേതാവ് പിണറായി വിജയനുള്ളത്. ഇതുസംബന്ധിച്ച് ഒരു മറുപടിയും സി.പി.എം. നൽകിയിട്ടില്ലെന്ന് ബിനോയ് വിശ്വം പാർട്ടി നേതൃയോഗത്തിൽ വിശദീകരിച്ചു.
എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗം ചേരാത്തതിനാൽ സഭയിൽ സ്വീകരിക്കേണ്ട കൂട്ടായ ആലോചനയുണ്ടാകുന്നില്ല. വെള്ളിയാഴ്ച അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാൻപോലും പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളൊന്നും ഉണ്ടാകാത്തതിനാലാണിതെന്നാണ് സി.പി.എമ്മിന്റെ ഔദ്യോഗിക വിശദീകരണം. പ്രതിപക്ഷനേതാവ് അടക്കമുള്ള സി.പി.എം. നേതാക്കൾ സഭയിൽ എത്താതിരുന്നതും സി.പി.ഐ. എം.എൽ.എ.മാരോട് അടിയന്തരപ്രമേയത്തിന്റെ കാര്യം പറയാതിരുന്നതുമാണ് പ്രതിസന്ധിയുണ്ടാക്കിയത്.
പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരേയുള്ള ഇ.ഡി. കേസുകളിൽ നിലപാട് പറയേണ്ടതില്ലെന്നാണ് സി.പി.ഐ.യിൽ ധാരണ. ഇ.ഡി.ക്കെതിരേയുള്ള നിലപാട് ആവർത്തിച്ചുപറയും. പക്ഷേ, പിണറായിക്കെതിരേയുള്ള കേസിനെക്കുറിച്ച് ഒന്നും പറയില്ല.
Content Highlights: CPM-CPI tensions continue over the LDF opposition deputy leader position