പാർട്ടിക്ക് തെറ്റുതിരുത്താൻ 20,000 പ്രതികരണങ്ങൾ; സംസ്ഥാനക്കമ്മിറ്റിയിൽ കുറ്റവിചാരണ

തിരുവനന്തപുരം: പാർട്ടിയുടെ തെറ്റുതിരുത്തലിനായി പൊതുജനങ്ങളും പാർട്ടി അനുഭാവികളും സി.പി.എം. നേതൃത്വത്തിന് അയച്ചിട്ടുള്ളത് ഇരുപതിനായിരത്തിലേറെ പ്രതികരണങ്ങൾ. ഈ വിമർശനങ്ങളും അഭിപ്രായങ്ങളും റിപ്പോർട്ടിന്റെ ഭാഗമാക്കും.
വാട്സാപ്പ് വഴി 17,000-ത്തിലേറെപ്പേർ പ്രതികരിച്ചു. ഇ-മെയിൽ വഴി 2300 പേർ തെറ്റുതിരുത്തലിനുള്ള നിർദേശങ്ങൾ സമർപ്പിച്ചു. പാർട്ടി വെബ്സൈറ്റിൽ മുന്നൂറിലേറെപ്പേരും അഭിപ്രായം രേഖപ്പെടുത്തി. ഇവയിൽ ആക്ഷേപരീതിയിലുള്ളവയും ആവർത്തനസ്വഭാവമുള്ളവയും ഒഴിവാക്കിയും മുന്നോട്ടുപോക്കിന് സഹായകമായിട്ടുള്ള നിർദേശങ്ങളും വിമർശനങ്ങളുമൊക്കെ ഉൾക്കൊണ്ടുമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
സമൂഹികമാധ്യമങ്ങളിൽ ജില്ലാനേതാക്കളും മറ്റും സജീവമായി ഇടപെടാനുള്ള നിർദേശങ്ങളും ഉയർന്നു. മാധ്യമബഹിഷ്‌കരണം ഒഴിവാക്കും. മാധ്യമചർച്ചകളിൽ കൃത്യമായി പാർട്ടിനിലപാട് അവതരിപ്പിക്കാനുള്ള നടപടികളുണ്ടാവും. റിപ്പോർട്ടിന് സംസ്ഥാനകമ്മിറ്റി ചൊവ്വാഴ്ച അന്തിമാംഗീകാരം നൽകും.
നേതാക്കളുടെ വാക്പോര്; വിഭാഗീയതയിൽ ജാഗ്രത
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ തള്ളി തോമസ് ഐസക്കും പി. ജയരാജനുമൊക്കെ നടത്തിയ പ്രതികരണങ്ങളും ഐസക്കിനെ ഉന്നമിട്ട് സജി ചെറിയാൻ നടത്തിയ പ്രസംഗവുമൊക്കെ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ഇതൊരു വിഭാഗീയ പ്രശ്‌നത്തിലേക്കുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് നേതാക്കൾക്കിടയിലെ ധാരണ. അതിന്റെ ഭാഗമായി സ്വയം വിമർശനവും സംഘടനാപരമായി സംഭവിച്ച പിഴവുകളുമൊക്കെ പരാതികൾക്കിടയില്ലാത്തവിധം പരമാവധി റിപ്പോർട്ടിൽ ഉൽപ്പെടുത്തുമെന്നാണ് വിവരം.
സംസ്ഥാനക്കമ്മിറ്റിയിൽ കുറ്റവിചാരണ
പാർട്ടിയിൽ തെറ്റുതിരുത്തലിനുള്ള വിശാലസംസ്ഥാനകമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കാനുള്ള കരടു റിപ്പോർട്ടിനെക്കുറിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലേക്കു നയിച്ച സംഘടനാപരവും രാഷ്ട്രീയവുമായ വീഴ്ചകൾ അക്കമിട്ടു നിരത്തിയ കേന്ദ്രക്കമ്മിറ്റി അവലോകനത്തിലെ ഉള്ളടക്കം തെറ്റുതിരുത്താനുള്ള റിപ്പോർട്ടിൽ പ്രതിഫലിക്കുന്നില്ലെന്നാണ് സംസ്ഥാനകമ്മിറ്റിയിൽ ഉയർന്നിട്ടുള്ള കുറ്റപ്പെടുത്തൽ. അസാധാരണമായ സാഹചര്യം നേരിടാൻ അസാധാരണ നടപടികൾ വേണമെന്നിരിക്കേ, സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ട് ശുഷ്‌കമാണെന്നാണ് വിമർശനം.
പാർട്ടി നേരിടുന്ന പ്രശ്‌നങ്ങളോ വെല്ലുവിളികളോ ഉൾക്കൊള്ളുകയോ കൃത്യമായ തിരുത്തലോ പരിഹാരമോ നിർദേശിക്കുകയോ ചെയ്യാത്ത റിപ്പോർട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. പൊതുവായ വീഴ്ചകളേ പരാമർശിക്കുന്നുള്ളൂ. കനത്ത തോൽവിക്ക് കാരണമായ സംഘടനാവീഴ്ചകളെക്കുറിച്ചും പരാമർശമില്ല. സ്ഥാനാർഥിനിർണയത്തിൽ വീഴ്ചയുണ്ടായെന്ന് കേന്ദ്രകമ്മിറ്റി റിപ്പോർട്ട് അടിവരയിട്ടതും കരടു റിപ്പോർട്ടിൽ അപ്രത്യക്ഷമായി. തുറന്ന വിമർശനവും തെറ്റുതിരുത്താനുള്ള പ്രായോഗിക നിർദേശങ്ങളും ഉൾപ്പെടുത്തി കരടുറിപ്പോർട്ടിന്റെ അലകുംപിടിയും മാറ്റണമെന്നാണ് ചർച്ചയിൽ ഉയർന്നിട്ടുള്ള ആവശ്യം.
ബ്രാഞ്ചുകൾ ശക്തിപ്പെടുത്തണം, ജനബന്ധം വീണ്ടെടുക്കണം തുടങ്ങിയ സാമ്പ്രദായിക സ്വയംവിമർശനങ്ങൾക്കപ്പുറം ഒന്നുമില്ല. പാർട്ടിക്കുള്ളിൽ നടന്നിട്ടുള്ള ചർച്ചകളുടെ ഗൗരവം പ്രതിഫലിക്കുന്നില്ല. ഇത്തരമൊരു റിപ്പോർട്ടുമായി എങ്ങനെ തെറ്റുതിരുത്തി മുന്നോട്ടു പോകാനാകുമെന്ന് തിങ്കളാഴ്ച ചർച്ചയിൽ പങ്കെടുത്ത പി. ജയരാജൻ, ജെ. മേഴ്സിക്കുട്ടിയമ്മ, എം.ബി. രാജേഷ്, ടി.വി. രാജേഷ് തുടങ്ങിയവർ ചോദിച്ചെന്നാണ് വിവരം.
Content Highlights: Over 20,000 responses received from the public and sympathizers for CPM's self-correction process., Feedback collected via WhatsApp, email, and party website to be integrated into the final report., Sharp criticism raised within the CPM state committee regarding the draft report's leniency and lack of structural fault analysis., Senior leaders demand practical solutions and acknowledgment of electoral setbacks in the final report.