കൂലി തർക്കം; ഒറ്റയ്ക്ക് ലോഡിറക്കിയ വീട്ടുടമസ്ഥയ്ക്കെതിരേ സിപിഎമ്മിന്റെ പ്രതികാര നടപടിയെന്ന് പരാതി

പ്രിയ വിനോദ്, മതിൽ കെട്ടിയ സ്ഥലം
പ്രിയ വിനോദ്, മതിൽ കെട്ടിയ സ്ഥലം

കടയ്ക്കല്‍: ലോറിയില്‍ നിന്നു സ്വന്തമായി തറയോട് ഇറക്കി, അമിത കൂലി ചോദിച്ച സിഐടിയുകാരോട് പ്രതിഷേധിച്ച വീട്ടുടമസ്ഥയ്‌ക്കെതിരെ പരാതിയുമായി സിപിഎം പഞ്ചായത്തംഗം. പാത കയ്യേറി മതില്‍ നിര്‍മിച്ചെന്ന് ആരോപിച്ച് വീട്ടുടമസ്ഥ കുമ്മിള്‍ തച്ചോണം പ്രിയ നിവാസില്‍ പ്രിയ വിനോദിനെതിരെയാണ് പഞ്ചായത്തംഗം രജികുമാരി കുമ്മിള്‍, പാങ്ങോട് പഞ്ചായത്തുകളില്‍ പരാതി നല്‍കിയത്.

പ്രിയ വിനോദിന്റെ വീട് നിര്‍മാണം നടക്കുന്നത് കുമ്മിള്‍ പഞ്ചായത്തിലും പാത തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലുമായതിനാലാണ് രണ്ട് പഞ്ചായത്തുകളിലും പരാതിനല്‍കിയത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെത്തി പരിശോധന നടത്തി. പാതയില്‍നിന്ന് ഒന്നര അടി ഉള്ളിലേയ്ക്ക് മാറ്റിയാണ് മതില്‍ നിര്‍മിച്ചിരിക്കുന്നതെന്ന് വ്യക്തമായതോടെ രണ്ട് പരാതികളും അധികൃതര്‍ തള്ളി.

തനിക്കെതിരെ കള്ള പരാതികള്‍ നല്‍കി വീട് നിര്‍മാണം തടസപ്പെടുത്താനാണ് സിഐടിയു-സിപിഎം ശ്രമമെന്ന് പ്രിയ വിനോദ് ആരോപിച്ചു. ആറ് മീറ്റര്‍ വീതിയുള്ള പാതയില്‍നിന്ന് ഒന്നരയടി മാറിയാണ് മതില്‍ നിര്‍മിച്ചത്. ഇത് വ്യക്തമായിരുന്നിട്ടും കള്ള പരാതി നല്‍കുകയായിരുന്നു. പ്രതികാര നടപടികള്‍ തുടരുകയാണെങ്കില്‍ പ്രതികരിക്കുകതന്നെ ചെയ്യും. പേടിച്ച് പിന്മാറാനില്ലെന്നും അവർ പറഞ്ഞു.

കഴിഞ്ഞ 18-ന് രാത്രിയാണ് വീട് നിര്‍മാണത്തിന് ലോറിയില്‍ എത്തിച്ച തറയോട് ഇറക്കുന്നതിന് അമിത കൂലി ചോദിച്ചതിനേച്ചൊല്ലി പ്രിയയും സിഐടിയു തൊഴിലാളികളുമായി തര്‍ക്കമുണ്ടായത്. തുടര്‍ന്ന് പ്രിയ സ്വന്തമായി ലോഡ് ഇറക്കിയത് വാര്‍ത്തയായിരുന്നു.

Content Highlights: Dispute arises between homeowner and CITU workers over alleged encroachment