‘വെള്ളാപ്പള്ളിയെ ചുമന്നത് തിരിച്ചടിയായി, ന്യൂനപക്ഷം ഇടതുമായി അകന്നു’; ഏരിയ കമ്മിറ്റിയിലും വിമർശനം

ചേർത്തല: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചുമന്നുനടന്നതാണ് സംസ്ഥാനത്തെ വലിയ തിരിച്ചടിക്കു കാരണമെന്ന് സി.പി.എം. ചേർത്തല ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശം. വെള്ളാപ്പള്ളിയുമായി അടുത്തതോടെ ന്യൂനപക്ഷം ഇടതുപക്ഷത്തെ ശത്രുപക്ഷത്തായി കണ്ടു. ഇതിനൊപ്പം പലയിടത്തും പരമ്പരാഗത ഈഴവവോട്ടുകളും ചോർന്നു. ജില്ലാ നേതൃത്വം വെള്ളാപ്പള്ളിക്കു കുടപിടിക്കുന്ന സമീപനമാണു സ്വീകരിച്ചത്. എതിർപ്പുയർത്തിയത് എ.എം. ആരിഫ് മാത്രമാണ്.
ചുവപ്പുകണ്ടാൽ കുത്താൻവരുന്ന കാളയെപ്പോലെയാണ് ജില്ലാ സെക്രട്ടറി കാണാനെത്തുന്ന പാർട്ടിക്കാരോടുപോലും പെരുമാറുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ലാ നേതൃത്വത്തിനു ഒരു താത്പര്യവുമില്ലായിരുന്നു.
സ്ഥാനാർഥിത്വം സംസ്ഥാന നേതൃത്വം തട്ടിക്കളഞ്ഞതിനാൽ ജില്ലാനേതൃത്വം ഒന്നിലും ഇടപെട്ടില്ല. ജില്ലയിൽ പോലീസിന്റെ ഇടപെടൽ ജനങ്ങളെ പാർട്ടിക്കെതിരാക്കി. തോമസ് ഐസക്കിനെ മത്സരിപ്പിക്കാതിരുന്നതു വലിയ തെറ്റായി. ദലീമയും പ്രതിഭയും തോൽക്കുമെന്നറിഞ്ഞിട്ടും സ്ഥാനാർഥികളായി അടിച്ചേൽപ്പിച്ചു. അരൂരിൽ സ്ഥാനാർഥിനിർണയം പാളി. എ.എം. ആരിഫോ തോമസ് ഐസക്കോ പി. പ്രസാദോ മത്സരിച്ചാൽ വിജയമുറപ്പായിരുന്നു.
സി.പി.ഐ. പി. പ്രസാദിനെ തോൽപ്പിക്കാൻ ശ്രമിച്ചു
ചേർത്തലയിൽ സി.പി.ഐ.യുടെ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കാതെയും ചിലർ കോൺഗ്രസുമായി രഹസ്യനീക്കങ്ങൾ നടത്തിയും പി. പ്രസാദിനെ തോൽപ്പിക്കാൻ നീക്കങ്ങൾ നടത്തിയതായി വിമർശനമുയർന്നു. ജയിപ്പിക്കാനുള്ള ദൗത്യം സി.പി.എം. ഏറ്റെടുത്തതോടെയാണ് വലിയ വിജയമുണ്ടായത്. മാതൃകയാക്കേണ്ട പ്രവർത്തനമാണ് പി. പ്രസാദ് ജനങ്ങൾക്കിടയിൽ നടത്തിയത്. ലാളിത്യത്തിന്റെ പ്രതീകമായി എല്ലാവർക്കും സ്വീകാര്യനായി. ഇടനിലയില്ലാതെ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ടു. സി.പി.ഐ.യെക്കാൾ സി.പി.എം. പ്രവർത്തകരോടാണ് അടുത്തുനിന്നത്.
പിണറായിക്കു തല്ലും തലോടലും
ചർച്ചകളിൽ പിണറായി വിജയനു തല്ലും തലോടലുമുണ്ടായി. കേരളം വികസിക്കണമെന്നാഗ്രഹിച്ച വികസനനായകൻ തന്നെയാണ് പിണറായി വിജയനെങ്കിലും പരുക്കൻ സ്വഭാവം തിരിച്ചടിയായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ടീം എൽ.ഡി.എഫ്. ഇക്കുറി ടീം പിണറായിയായി. എല്ലാം പിണറായിയെന്ന നിലയിലായി. പാർട്ടി സെക്രട്ടറിയുടെ ഭാര്യ ആരായിരുന്നാലും മത്സരിപ്പിച്ചത് മോശം സന്ദേശം നൽകി. അധികാരത്തോട് ആർത്തിയുള്ള നെറികേടിന്റെ ആൾരൂപമാണ് ജി. സുധാകരനെന്നും വിമർശനമുണ്ടായി. സംസ്ഥാന കമ്മിറ്റിയംഗം ജി. സോമപ്രസാദ്, ജില്ലാ സെക്രട്ടേറിയറ്റംഗം എ.എം. ആരിഫ്, സെക്രട്ടറി ബി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Critique of the alliance with Vellappally Natesan causing minority alienation., Allegations of lack of interest by district leadership in election victory., Discontent over candidate selection processes in Cherthala and Aroor., Internal disputes between CPM and CPI regarding P. Prasad., Analysis of Pinarayi Vijayan's leadership style and impact on the party.