വിശ്വാസം വീണ്ടെടുക്കാൻ സിപിഎം; ജനകീയ ഇടപെടലുകൾ സജീവമാക്കണമെന്ന് കേന്ദ്രകമ്മിറ്റി നിർദേശം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിൽനിന്ന് പാഠം ഉൾക്കൊണ്ട് ജനവിശ്വാസം വീണ്ടെടുക്കാനാവശ്യമായ ഇടപെടലുകൾ സജീവമാക്കണമെന്ന് സി.പി.എം. നിർദേശം. ജനകീയവിഷയങ്ങളേറ്റെടുത്തുള്ള പ്രചാരണ, പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്താൻ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സി.പി.എം. കേന്ദ്രകമ്മിറ്റി നിർദേശം നൽകി. നിയമസഭയ്ക്കകത്തും പ്രവർത്തനം കുറേക്കൂടി ശക്തിപ്പെടുത്തണം.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റി യോഗം അവസാനിച്ചു. കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകനങ്ങളിലാണ് വിശദചർച്ച നടന്നത്. കേരളത്തിൽ താഴെത്തട്ടിൽ നിർജീവമായ സംഘടനാശേഷി വീണ്ടെടുക്കാനാവശ്യമായ പ്രവർത്തനം ഉണ്ടാകണമെന്ന് യോഗം നിർദേശിച്ചു.
ബംഗാളിൽ തിരഞ്ഞെടുപ്പിനുശേഷം മാറിയ രാഷ്ട്രീയസാഹചര്യം വിലയിരുത്തി. ഏറ്റെടുക്കുന്ന വിഷയങ്ങളിൽ ജനകീയപങ്കാളിത്തം ഉറപ്പാക്കാനാകുന്നെങ്കിലും പ്രവർത്തനം വിപുലപ്പെടുത്താനാവശ്യമായ വിഭവപരിമിതി അലട്ടുന്നുണ്ടെന്ന് ബംഗാൾ നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്രകമ്മിറ്റി യോഗതീരുമാനങ്ങൾ വിശദീകരിക്കാനായി ജനറൽസെക്രട്ടറി എം.എ. ബേബി ചൊവ്വാഴ്ച പത്രസമ്മേളനം നടത്തും.
Content Highlights: Focus on regaining public trust following election setbacks, Strengthening organizational structure at the grassroots level, Emphasis on intensified public agitation and campaigns, Review of electoral performance in Kerala, West Bengal, and Tamil Nadu