‘മധുസൂദനനുവേണ്ടി റിയൽ എസ്റ്റേറ്റുകാരൻ വിദശത്തുനിന്നും ഫണ്ടുപിരിച്ചു, സന്ധിചെയ്താൽ തകരുന്നത് പാർട്ടി’

#ന്യൂസ് ഡെസ്ക്
കുഞ്ഞികൃഷ്ണൻ | Image courtesy: Mathrubhumi news screengrab
കുഞ്ഞികൃഷ്ണൻ | Image courtesy: Mathrubhumi news screengrab

കണ്ണൂർ: സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞിക്കൃഷ്ണന്റെ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിൽ രക്തസാക്ഷിഫണ്ട് തട്ടിപ്പ് മാത്രമല്ല, എംഎൽഎ ടി.ഐ.മധുസൂദനനെതിരെ വേറെയും ആരോപണങ്ങളുള്ളതായി സൂചന. മധുസൂദനനുവേണ്ടി പയ്യന്നൂരിലെ റിയൽ എസ്റ്റേറ്റുകാരനും പുത്തൻ പണക്കാരനുമായ ഒരാൾ നാട്ടിൽനിന്നും വിദേശത്തുനിന്നും വ്യാപകമായി തിരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചുവെന്നതും രക്തസാക്ഷി ധനരാജ് ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ സ്ഥിരനിക്ഷേപമാക്കി അതിന്റെ പലിശയിൽ ഒരുഭാഗം അന്നത്തെ ഏരിയാ സെക്രട്ടറി വ്യക്തിപരമായി അക്കൗണ്ട് മുഖേന കൈപ്പറ്റിയെന്നും പുസ്തകത്തിലുള്ളതായി അറിയുന്നു. അരനൂറ്റാണ്ട് പാർട്ടിക്കൊപ്പം നടന്ന് പയ്യന്നൂർ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിൽ ബിൽ കളക്ടർ മുതൽ സെക്രട്ടറിവരെയുള്ള തസ്തികയിലിരിക്കുകയും ഓഡിറ്ററായി പ്രവർത്തിക്കുകയും ചെയ്ത കുഞ്ഞിക്കൃഷ്ണൻ പുസ്തകത്തിലുടനീളമുള്ള ആരോപണങ്ങളിലും ആ കണിശത പുലർത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

പയ്യന്നൂരിലെ സാമ്പത്തിക തിരിമറികളിൽ കൃത്യമായി ഇടപെടാതെ പ്രശ്നങ്ങൾ വഷളാക്കിയതിൽ അന്നത്തെ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെതിരെയും കണ്ണൂരിൽനിന്നുള്ള ഒരു കേന്ദ്രക്കമ്മിറ്റിയംഗത്തിനെതിരെയും പുസ്തകത്തിൽ കടുത്ത വിമർശമുണ്ട്. പയ്യന്നൂരിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സിപിഎം വിമതൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചത് കാരയിലാണ്. സംഘടനയ്ക്കുള്ളിൽ നിലനിൽക്കുന്ന പ്രശ്നത്തിന്റെ പ്രതിഫലനമായി കാരയിലെ തിരഞ്ഞെടുപ്പ് തോൽവിയെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതായും അറിയുന്നു. പാർട്ടിക്കകത്തെ തെറ്റുകളോടും സമൂഹത്തിലെ അനീതികളോടും സന്ധിചെയ്താൽ തകരുന്നത് പാർട്ടിയാണെന്ന നിലപാടിലൂന്നി എഴുതിയ പുസ്തകം അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് വി.എസ്.അച്യുതാനന്ദനാണ് സമർപ്പിച്ചിരിക്കുന്നത്. ഇതൊരു ബോംബാണെന്നും പ്രസിദ്ധീകരിക്കരുതെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞെന്ന് കുഞ്ഞിക്കൃഷ്ണൻ മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയിരുന്നു.

പുസ്തകപ്രകാശനം മാറ്റി

29-ന് നടത്താനിരുന്ന വി.കുഞ്ഞിക്കൃഷ്ണന്റെ പുസ്തകപ്രകാശന ചടങ്ങ് മാറ്റി. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. പുസ്തകങ്ങളെല്ലാം ഒന്നിച്ച് 28-ന് എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രകാശനം മാറ്റിയതെന്നും പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. .

Content Highlights: Newly expelled CPM member V. Kunjikrishnan`s book `Leaders Must Be Corrected by Cadres` reveals financial irregularities, including MLA T.I. Madhusoodanan`s alleged election fund collection and misuse of martyr funds. Criticism also targets district and central committee leaders for inaction.