കാലും കയ്യും തലയും വെട്ടുന്ന ഓഫീസ് ആണ് സിപിഎമ്മിന്റേത്; ഏറ്റവും വലിയ ഗുണ്ട പിണറായി- കെ.എം.ഷാജി

കോഴിക്കോട്: കൂത്താട്ടുകുളത്ത് സി.പി.എം. വനിതാ കൗൺസിലർക്ക് എതിരായ അക്രമത്തിൽ സി.പി.എമ്മിനെ പരിഹസിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. കലാ രാജുവിനെ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞിട്ട് ആളുകളുടെ മുമ്പിൽ നിന്നും അടിവസ്ത്രം ഉൾപ്പടെ വലിച്ചൂരുന്ന പ്രവൃത്തിയാണ് സഖാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കാൽ വണ്ടിയുടെ ഡോറിൽ കുടുങ്ങി എന്ന് പറഞ്ഞപ്പോൾ സഖാക്കളുടെ പ്രതികരണം ഓഫീസിൽ പോയിട്ട് കാൽ വെട്ടിത്തരാം എന്നായിരുന്നു. കാലും കയ്യും തലയും വെട്ടുന്ന ഓഫീസ് ആണല്ലോ സിപിഎമ്മിന്റേത്, അവിടെ ആളുകളുടെ ചെറുപ്പം കുറയ്ക്കുകയും ജീവനില്ലാതെ ആക്കിക്കൊടുക്കുകയും ചെയ്യും. ഇതിന് പോലീസ് ഒത്താശ ചെയ്തു കൊടുക്കുകയാണ്.
പിണറായി വിജയന്റേത് ഗുണ്ടാസംഘം എന്നും ഏറ്റവും വലിയ ഗുണ്ട പിണറായി വിജയനാണെന്നും ഈ ഗുണ്ടാസംഘത്തെയാണ് രാഷ്ട്രീയം എന്ന് വിളിക്കുന്നതെന്നും കെ.എം. ഷാജി വിമർശിച്ചു. വിമർശിക്കുന്നത് കേൾക്കുമ്പോൾ കെ.എം. ഷാജിയെ ഇഞ്ചി, മാങ്ങ എന്ന് വിളിച്ച് പരിഹസിച്ചാൽ പോരെന്നും സഖാക്കൾ ചിന്തിക്കണം എന്നും കെ.എം. ഷാജി പറഞ്ഞു. കഞ്ചിക്കോട്ടെ ബ്രൂവറി പ്രൊജക്ട് ഗുരു വി.എസ്. അച്യുതാനന്ദന് ഉള്ള എംബി രാജേഷിന്റെ ഗുരുദക്ഷിണയാണെന്നും കെ.എം ഷാജി പരിഹസിച്ചു. വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ എം.ബി. രാജേഷ് ദക്ഷിണ സമർപ്പിച്ചു.
കൊക്കക്കോള ഫാക്ടറിക്ക് എതിരെ സമരം ചെയ്യാൻ മുൻപന്തിയിൽ ഉണ്ടായിരുന്നത് വി.എസ്. അച്യുതാനന്ദൻ ആണ്. ആ വി.എസിന്റെ നാട്ടിൽ ആണ് ബ്രൂവറി പ്രൊജക്ട് കൊണ്ടുവരുന്നത്. ജലക്ഷാമം ഉള്ള സ്ഥലത്ത് പഞ്ചായത്ത് അറിയാതെയാണ് ഈ പ്രൊജക്ടിന് അനുമതി നൽകിയത്. ഇത് അപകടമാണ് ഇതിൽ നിന്നും എത്ര രൂപ മുഖ്യമന്ത്രി കട്ടെടുത്തിട്ടുണ്ടെന്ന് പറയണം എന്നും കുടുംബം മുഴുവൻ ഇരുന്ന് മോഷ്ടിക്കുകയാണ് എന്നും കെ.എം. ഷാജി പറഞ്ഞു. പയ്യന്നൂരിലെ കവ്വായിയിൽ മുസ്ലീം ലീഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി
Content Highlights: Muslim League leader K.M. Shaji criticizes CPM over an attack on a woman councillor