പാർട്ടിക്ക് വീഴ്ചയില്ല, കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിച്ച് സിപിഎം ജില്ലാ സമ്മേളനം

കൊച്ചി: കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിച്ച് സിപിഎം എറണാകുളം ജില്ലാ സമ്മേളനം. പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ലെന്ന നിലപാടിന് സമ്മേളനത്തില്‍ അംഗീകാരം നല്‍കി. പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ല എന്ന നിലപാടിനും അംഗീകാരം നല്‍കി.
കലാരാജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള തീരുമാനം ആ ഘട്ടത്തില്‍ അനിവാര്യമായിരുന്നു എന്നും അതിനാല്‍ കുറ്റപ്പെടുത്തേണ്ടതില്ലെന്നും പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നും സമ്മേളനത്തില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നു. മാത്രമല്ല തട്ടിക്കൊണ്ടുപോകലിനെ അഭിനന്ദിക്കുകയും ചെയ്തു.
നഗരസഭയിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടാണ് വനിതാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പിച്ചുവെന്ന കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ പിടിയിലാവുന്നത്. കഴിഞ്ഞ ജനുവരി 18നായിരുന്നു സംഭവം. ശനിയാഴ്ച നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്കെതിരേ യു.ഡി.എഫ്. നല്‍കിയ അവിശ്വാസപ്രമേയത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പിച്ചുവെന്നായിരുന്നു പരാതി.
Content Highlights: Ernakulam CPM district conference applauds the abduction of Councillor Kala Raju