പട്ടുവം അരിയിലിലെ 13 വർഷം മുൻപത്തെ സംഘർഷം; പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു

മോഹനൻ
മോഹനൻ

തളിപ്പറമ്പ്: പട്ടുവം അരിയിലിൽ 2012-ലുണ്ടായ സിപിഎം-മുസ്‌ലിം ലീഗ് സംഘർഷത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ വള്ളിയേരി മോഹനൻ (62) മരിച്ചു. സിപിഎം-ലീഗ് സംഘർഷത്തിനിടെ എംഎസ്എഫ് നേതാവ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടതോടെയാണ് ഈ മേഖലയിൽ വ്യാപകമായി അക്രമസംഭവങ്ങളുണ്ടായത്. ഇതിനിടയിലാണ് ഫെബ്രുവരി 21-ന് രാവിലെ വീട്ടിൽക്കയറി മോഹനനെ ആക്രമിച്ചത്. വെട്ടേറ്റ് തലയിലുൾപ്പെടെ സാരമായി പരിക്കേറ്റ മോഹനൻ ചികിത്സയിലായിരുന്നു. ഭാര്യ രാധയ്ക്കും മകൻ മിഥുനിനും അക്രമത്തിൽ പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് പ്രവർത്തകരുടെ പേരിൽ കേസെടുത്തിരുന്നു.

ഏറെക്കാലമായി മാതമംഗലം പേരൂലിലാണ് താമസിക്കുന്ന മോഹനനെ അസുഖത്തെത്തുടർന്ന് കഴിഞ്ഞദിവസമാണ്‌ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ആശുപത്രിയിലായിരുന്നു അന്ത്യം.

അച്ഛൻ: പരേതനായ കരിക്കൻ കുഞ്ഞിരാമൻ. അമ്മ: വി.കല്യാണി. ഭാര്യ: രാധ. മക്കൾ: മിഥുൻ (കലക്ഷൻ ഏജന്റ്, എരമം-കുറ്റൂർ സഹകരണ ബാങ്ക്), നിധിൻ. സഹോദരങ്ങൾ: ഹരീന്ദ്രൻ, രാമദാസൻ, ഗീത. സംസ്കാരം ശനിയാഴ്ച 10-ന് മാതമംഗലം പേരൂലിൽ.

വെള്ളിയാഴ്ച രാവിലെ അരിയിലിലെത്തിച്ച മൃതദേഹത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പാർട്ടി പതാക പുതപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, എം.വിജിൻ എംഎൽഎ, സിപിഎം നേതാക്കളായ പി.ജയരാജൻ, പി.കെ.ശ്രീമതി തുടങ്ങിയവർ അന്ത്യാഭിവാദ്യമർപ്പിച്ചു.

Content Highlights: cpm activist who injured during fight dead after 13 years