തിരുത്തൽ വഴിതേടി സി.പി.എം.; വിശാല സംസ്ഥാന കമ്മിറ്റിയോഗം ഇന്നുമുതൽ

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ വൻതോൽവിക്കിടയാക്കിയ വീഴ്ചകൾ പരിശോധിക്കാനും തിരുത്തലുകൾ വരുത്താനുമുള്ള സി.പി.എമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിയോഗം ഞായറാഴ്ച കോഴിക്കോട്ടു തുടങ്ങും. തോൽവിയുടെ കാരണങ്ങൾ സ്വയം വിമർശനപരമായി ഉൾക്കൊള്ളാനും ആഘാതത്തിൽനിന്ന് കരകയറാനും പലതലങ്ങളിൽ നടന്ന ചർച്ചകളുടെ സമഗ്രതയാണ് മൂന്നു ദിവസത്തെ യോഗത്തിൽ പ്രതീക്ഷിക്കുന്നത്.
പരാജയകാരണങ്ങൾ പലവട്ടം പരിശോധിച്ച് പാർട്ടി കണ്ടെത്തിയിട്ടുണ്ട്. അതിൽനിന്ന് കരകയറണമെങ്കിൽ പ്രവർത്തനത്തിലും പ്രയോഗത്തിലും മാത്രമല്ല സംഘടനാപരമായും തിരുത്തൽ വേണമെന്നതാണു നിഗമനം. വീഴ്ചയുടെ കാരണക്കാർ ആരാണെന്നതിനെച്ചൊല്ലിയാണ് സംസ്ഥാന നേതൃത്വത്തിലെ തർക്കം. പത്തുവർഷം സർക്കാരിനെ നയിച്ച പിണറായി വിജയൻ ഉത്തരവാദിത്വമേൽക്കാൻ തയ്യാറായിട്ടില്ല. പാർട്ടി സെക്രട്ടറിയെന്ന നിലയിൽ എം.വി. ഗോവിന്ദനും ആ വീഴ്ച ഏറ്റെടുത്തിട്ടില്ല. ഇവർ രണ്ടുപേർക്കും വീഴ്ചയുണ്ടെന്ന് പേരുപറയാതെ കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയിരുന്നു. അത് കേന്ദ്രകമ്മിറ്റി പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.
നേതൃമാറ്റമില്ലെന്ന് ഗോവിന്ദൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷനേതാവായി പിണറായിയെ പാർട്ടി നിശ്ചയിക്കുകയുംചെയ്തു. പഴയ മൂർച്ചയോടെ പാർട്ടിയെ മാറ്റാനുള്ള വാദം വിശാല യോഗത്തിൽ ഉയരുമോയെന്നതാണ് ഇനി അറിയാനുള്ളത്. മകൾ ടി. വീണക്കെതിരായ ഇ.ഡി. കേസിലെ അന്വേഷണം പിണറായിക്കു നേരേകൂടി തിരിയുന്ന പശ്ചാത്തലത്തിലാണു യോഗം.
307 പ്രതിനിധികൾ, നിരീക്ഷണത്തിന് പി.ബി.
പാർട്ടിസമ്മേളനത്തിന്റെ അതേരീതിയിലാണ് വിശാല സംസ്ഥാന സമിതിയോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് പരാജയവും മുന്നേറാനുള്ള തിരുത്തൽപ്രക്രിയയും കേന്ദ്രീകരിച്ച് മാത്രമാകും റിപ്പോർട്ടും ചർച്ചയും. സെക്രട്ടറി എം.വി. ഗോവിന്ദൻ റിപ്പോർട്ട് അവതരിപ്പിക്കും.
സംസ്ഥാനസമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ, വർഗ ബഹുജന സംഘടനാ പ്രതിനിധികൾ എന്നിവരടങ്ങിയ 307 പേരാണ് പ്രതിനിധികളായി എത്തുക. നിരീക്ഷകരായി പൊളിറ്റ്ബ്യൂറോ അംഗങ്ങളുണ്ടാവും. ജില്ലാകമ്മിറ്റി ഹാളിൽ ഞായറാഴ്ച പത്തിന് പാർട്ടി ജനറൽസെക്രട്ടറി എം.എ. ബേബി ഉദ്ഘാടനംചെയ്യും.
മുതിർന്ന നേതാക്കൾ ഉൾപ്പെട്ട പ്രസീഡിയം യോഗം നിയന്ത്രിക്കും. സമ്മേളനത്തിനു സമാനമായി, റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ച, പൊതുചർച്ച എന്നിങ്ങനെയാണ് നടപടിക്രമം. ചൊവ്വാഴ്ച ഒരു ലക്ഷംപേർ പങ്കെടുക്കുന്ന റാലിയോടെയാണ് സമാപനം.
അതിരുനിശ്ചയിച്ച് അനുനയനീക്കം
നിശബ്ദമെങ്കിലും രണ്ടുധ്രുവങ്ങളായി മാറിയുള്ള ശാക്തികചേരിയുടെ ബലാബലമാണ് സി.പി.എമ്മിൽ നടക്കുന്നത്. വിഭാഗീയതയുടെ സ്വരമില്ലെങ്കിലും വിമോചനത്തിനുള്ള പോരാട്ടമായാണിത്. വിശാല സംസ്ഥാനസമിതിയിലെ ചർച്ചയ്ക്ക് മൂർച്ചയും തെളിച്ചവും ഉണ്ടാക്കാനുള്ള നീക്കം ഒരുവിഭാഗം നേതാക്കൾ നടത്തുന്നുണ്ട്. ചർച്ചകൾക്ക് അതിരുവേണമെന്ന നിർബന്ധബുദ്ധിയോടെ അനുനയനീക്കമാണ് മറുപക്ഷത്ത്.
മുഖംമാറ്റമില്ലാതെ പാർട്ടിക്ക് ഉയർത്തെഴുന്നേൽക്കാനാവില്ലെന്ന് വിശ്വസിക്കുന്നവരാണ് നേതാക്കളിൽ ഭൂരിപക്ഷവും. പി. രാജീവ്, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ് എന്നിവരെല്ലാം പാർട്ടിയെ സമഗ്രപരിഷ്‌കരണത്തിലേക്ക് നയിക്കണമെന്ന് വിശ്വസിക്കുന്നവരാണ്. ഇവർക്ക് അനുകൂലമാണ് ജനറൽസെക്രട്ടറി എം.എ. ബേബിയുടെ മനസ്സെന്നാണ് ഒരുവിഭാഗം വിശ്വസിക്കുന്നത്.
പ്രവർത്തനത്തിൽ മാറ്റംവരുത്തി പാർട്ടിക്ക് താത്കാലിക ഉത്തേജകമരുന്ന് നൽകാനുള്ള ശ്രമത്തിലാണ് പാർട്ടിസെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിപക്ഷനേതാവ് പിണറായി വിജയനും. വിമർശനം കടുപ്പിക്കാനിടയുള്ളവരെ അനുനയിപ്പിക്കാനുള്ള ചുമതല ഓരോ ജില്ലയിലെയും ചില നേതാക്കൾ ഏറ്റെടുത്തിട്ടുണ്ട്.
നേതൃത്വത്തിന്റെ വാദം
- ജനങ്ങളും പാർട്ടിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഭാവിപരിപാടികളാണ് വേണ്ടത്, നിലവിലുള്ള നേതാക്കളെ തള്ളിപ്പറയുകയല്ല.
- മാധ്യമങ്ങൾ സി.പി.എമ്മിനെ കടന്നാക്രമിക്കുന്ന ഘട്ടത്തിൽ നേതാക്കളെ ഇരകളാക്കിയുള്ള സമീപനം പാർട്ടിയെ ദുർബലപ്പെടുത്തും.
- ഇ.ഡി. അടക്കം പിണറായിവിജയനെയും കുടുംബത്തെയും വേട്ടയാടുന്ന ഘട്ടത്തിൽ പാർട്ടി ഒറ്റക്കെട്ടായി അദ്ദേഹത്തിന് സംരക്ഷണമൊരുക്കണം.
- പരാജയത്തിന്റെപേരിൽ പാർട്ടിസെക്രട്ടറിയെ വിമർശിക്കുന്നതിനു പകരം, പാർട്ടി കണ്ടെത്തിയ വീഴ്ചകൾ തിരുത്തി മുന്നോട്ടുപോകാൻ ശ്രമിക്കണം.
തിരുത്തൽവാദം
- 67 സീറ്റിൽനിന്ന് 26 സീറ്റിലേക്ക് പാർട്ടി ചുരുങ്ങിയതിന്റെ കാരണം എന്താണെന്ന് കേന്ദ്രകമ്മിറ്റി വിശദീകരിച്ചിട്ടുണ്ട്. അതിൽനിന്ന് മാറാൻ നിലവിലെ രീതികൊണ്ടു കഴിയില്ല.
- പാർട്ടി മാറിയെന്നും തോൽവിയിൽനിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തിയെന്നും ജനങ്ങൾക്കാണ് ബോധ്യപ്പെടേണ്ടത്. നിലവിലുള്ളവർ അതേരീതിയിൽ മുന്നോട്ടുപോകുമ്പോൾ ജനങ്ങൾക്ക് ബോധ്യമാവില്ല.
- സ്വജനപക്ഷപാതം, ജനങ്ങളെ ഉൾക്കൊള്ളാത്ത പെരുമാറ്റം തുടങ്ങിയവയാണ് തോൽവിക്കുള്ള കാരണം. അത് മാറ്റേണ്ടവരാണ് മാറാതിരിക്കുന്നത്.
- പത്തുവർഷത്തെ ഭരണത്തിൽ പാർട്ടിയും സർക്കാരും ഒരുവ്യക്തിയിലേക്ക് ചുരുങ്ങിയെന്നാണ് ജനങ്ങളിലെ വിശ്വാസം. അതു മാറ്റിയെടുക്കാൻ മാറ്റംവേണം.
Content Highlights: Cpm's state committee in Kozhikode to discuss corrective measures and leadership changes amid election setbacks, with 307 representatives attending.