'അച്ഛനെ കാഴ്ചക്കാരനാക്കി കരക്കാര്‍ കെട്ടിക്കേണ്ട'; വീണ, ചിറ്റയം പോരില്‍ സി.പി.എം.-സി.പി.ഐ. വാഗ്വാദം

ചിറ്റയം ഗോപകുമാർ,വീണ ജോർജ്
ചിറ്റയം ഗോപകുമാർ,വീണ ജോർജ്

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുളള പോരില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പക്ഷംപിടിച്ചതിനെതിരേ സി.പി.ഐ. ജില്ലാ നേതൃത്വം. ഈ വിഷയത്തില്‍ ആദ്യം മൗനം പാലിച്ചത് പാര്‍ട്ടിയുടെ ദൗര്‍ബല്യമായി ആരും കരുതരുതെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയന്‍ വ്യക്തമാക്കി. ചിറ്റയത്തിനെതിരേ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നടത്തിയ പരാമര്‍ശം അനുചിതമാണ്. കാബിനറ്റ് റാങ്കിലുളള രണ്ടുപേരുടെ തര്‍ക്കത്തില്‍ പരിഹാരം കാണേണ്ടത് സംസ്ഥാന നേതൃത്വങ്ങളാണ്. പക്ഷംപിടിച്ചുള്ള അഭിപ്രായപ്രകടനം പ്രശ്‌നം വഷളാക്കാനേ ഉപകരിക്കൂവെന്ന തിരിച്ചറിവ് സി.പി.എം. ജില്ലാ സെക്രട്ടറിക്കുണ്ടാകണമെന്നും എ.പി.ജയന്‍ പറഞ്ഞു.

കരക്കാര്‍ കെട്ടിക്കേണ്ട

മകളുടെ കല്യാണത്തിന് വിളിച്ചില്ലെന്ന് അച്ഛന്‍ പരാതി പറയുന്നതുപോലെ വിചിത്രമാണ് ചിറ്റയത്തിന്റെ പരാതിയെന്നായിരുന്നു കെ.പി.ഉദയഭാനുവിന്റെ പരിഹാസം. അച്ഛനെ കാഴ്ചക്കാരനാക്കി കരക്കാര്‍ കല്യാണം നടത്തുന്നത് ശരിയല്ലെന്നായിരുന്നു ഉദയഭാനുവിന് എ.പി.ജയന്റെ മറുപടി. വീണാ ജോര്‍ജിനെ പിന്തുണച്ച് സി.പി.എം. നേതാക്കളെത്തിയ സാഹചര്യത്തിലാണ് ചിറ്റയത്തിനായി പ്രതിരോധം തീര്‍ത്ത് എ.പി.ജയനും വന്നത്. 

മന്ത്രി വീണാ ജോര്‍ജ് ജില്ലയിലെ എം.എല്‍.എ.മാരുമായി കൂടിയാലോചനകള്‍ നടത്താറില്ലെന്നും വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നുമുള്ള ചിറ്റയത്തിന്റെ കുറ്റപ്പെടുത്തലോടെയാണ് വിവാദത്തിന് തുടക്കം. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടുളള 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനച്ചടങ്ങിന് ചിറ്റയം ഗോപകുമാര്‍ എത്തിയതുമില്ല. താന്‍ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിപ്പ് കിട്ടിയത് തലേന്ന് രാത്രിയാണെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ പരാതി. ആരോപണങ്ങള്‍ വീണാ ജോര്‍ജ് തള്ളി. പരാതി വിവരിച്ച് ഇരുവരും എല്‍.ഡി.എഫ്. നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

ജില്ലാതലത്തിലും ചര്‍ച്ച

വീണാ ജോര്‍ജും ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ അകല്‍ച്ച പരിഹരിക്കാന്‍ ജില്ലാതലത്തില്‍ സി.പി.എമ്മും സി.പി.ഐ.യും തമ്മില്‍ ചര്‍ച്ച നടത്തിയേക്കും. രണ്ടുപാര്‍ട്ടികളിലെയും ജില്ലാ സെക്രട്ടറിമാരുെട നേതൃത്വത്തിലാകുമിത്. ജില്ലയിലെ എല്ലാ മണ്ഡലത്തിലും വിജയം കൈവരിച്ചതിലൂടെ നേടിയ കരുത്ത് വിവാദത്തിലൂടെ നഷ്ടമാകരുതെന്ന നിലപാടിലേക്ക് മുന്നണി നേതാക്കളെത്തിയിട്ടുണ്ട്.
 

Content Highlights: CPI on veena george chittayam gopakumar conflict