ഇടതുമുന്നണിയെ ‘പിണറായി കമ്പനി’യാക്കി, നേതാക്കൾ അധികാരസ്ഥാനങ്ങൾ വീതംവെച്ച് എടുത്തു; രൂക്ഷ വിമർശനം

#സ്വന്തം ലേഖകൻ
പിണറായി വിജയൻ | ചിത്രം: പ്രദീപ് കുമാർ ടി.കെ., മാതൃഭൂമി
പിണറായി വിജയൻ | ചിത്രം: പ്രദീപ് കുമാർ ടി.കെ., മാതൃഭൂമി

കൊല്ലം: ഇടതുമുന്നണിയെ പിണറായി വിജയന്റെ സ്വകാര്യ കമ്പനിയാക്കി മാറ്റിയതാണ് കനത്ത പരാജയത്തിനു കാരണമെന്ന് സി.പി.ഐ. അഞ്ചാലുംമൂട് മണ്ഡലം നേതൃയോഗത്തിൽ വിമർശനം. ഒറ്റയാളുടെ ചിത്രംവെച്ച് പരസ്യം കൊടുത്തത് തിരിച്ചടിയായി. ഘടകകക്ഷി നേതാക്കളെ പോസ്റ്ററുകളിൽനിന്നും ബോർഡുകളിൽനിന്നും ഒഴിവാക്കിയത് പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ആവശ്യമുയർന്നു.

സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കാര്യപ്രാപ്തിയില്ലാത്തയാളാണെന്ന് ഒരു പ്രതിനിധി പറഞ്ഞു. മന്ത്രിയായിരുന്നപ്പോൾ ’നിർഗുണനാ’ണെന്നു തെളിയിച്ചയാളാണ് ബിനോയ് വിശ്വമെന്നും അദ്ദേഹം വിമർശിച്ചു.

സി.പി.ഐ.നേതാക്കൾ അധികാരസ്ഥാനങ്ങൾ പങ്കുവെച്ചെടുക്കുകയാണെന്ന് വനിതാ അംഗം തുറന്നടിച്ചു. ജില്ലയിലെ ഒരു എം.എൽ.എ.യുടെ ഭാര്യയെ, ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് ഇതിനു തെളിവാണെന്ന് അവർ പറഞ്ഞു. കുടുംബത്തോടെ തിരുവനന്തപുരത്ത് താമസിക്കാൻവേണ്ടിയാണ് ഇതു ചെയ്തതെന്നും അവർ ആരോപിച്ചു. ഇത്തരം നിയമനങ്ങൾ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നെന്ന് അവർ പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് തോൽവിയുടെ ആഘാതം കൂട്ടി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ ഭാര്യയെ മത്സരിപ്പിച്ചതു വഴിയാണ് നാദാപുരം പാർട്ടിക്ക് നഷ്ടപ്പെട്ടതെന്നും വിമർശനമുണ്ടായി.

മുൻ മന്ത്രി ജെ. ചിഞ്ചുറാണി, ഹണി ബെഞ്ചമിൻ, ആർ. വിജയകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. യോഗത്തിൽ പങ്കെടുക്കേണ്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എത്താതിരുന്നതിനെ ഒരു നേതാവ് രൂക്ഷമായി വിമർശിച്ചു. ഈ യോഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കാത്ത നേതാക്കളാണ് ഹാജരാകാതിരുന്നതെന്നും അവരോട് രേഖാമൂലം കാരണം ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Content Highlights: LDF criticized for functioning as Pinarayi Vijayan's private entity. Internal dissatisfaction over candidate selection and poster branding. Allegations of nepotism regarding personal staff appointments. Criticism directed at Binoy Viswam's leadership efficacy. Concerns raised over state secretariat members contesting elections.