പരാജയം ഉണ്ടായിട്ടുണ്ട്, തെറ്റുകൾ കണ്ടെത്തി തിരുത്തും; ഇടതുപക്ഷമാണ് കേരളത്തിന്റെ ഭാവി- ബിനോയ് വിശ്വം

#ന്യൂസ് ഡെസ്ക്
Photo: mathrubhumi
Photo: mathrubhumi

തിരുവനന്തപുരം: തെറ്റുകൾ ഉണ്ടായെന്നും അവ കണ്ടെത്തി എത്രയും വേഗത്തിൽ തിരുത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നതാണ് ‘കമ്മ്യൂണിസ്റ്റ് ക്വാളിറ്റി’ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ തിങ്കളാഴ്ച സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും ചേരുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘പരാജയം ഉണ്ടായിട്ടുണ്ട്. ഗൗരവമായി പരിശോധിക്കും. അതിന്റെ ആദ്യഘട്ടമാണ് ഇന്നത്തെ സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും. ആത്മാർത്ഥമായി പരിശോധിച്ച് തെറ്റുകൾ ഉണ്ടെങ്കിൽ അത് കണ്ടെത്തി തിരുത്തും. ഇടതുപക്ഷം തീർച്ചയായും തിരിച്ചു വരും. കേരളത്തിന്റെ ഭാവി ഇടതുപക്ഷമായിരിക്കും’, ബിനോയ് വിശ്വം പറഞ്ഞു.

‘കുറച്ചു സമയമേ ഇനി ഉള്ളൂ. അതിനുള്ളിൽ ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പരിശോധിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇടതുപക്ഷത്തിന് ഒരു മഹത്വമുണ്ട്. തെറ്റ് കണ്ടെത്തിയാൽ അത് സമ്മതിക്കാൻ ഞങ്ങൾ മടിക്കില്ല. തിരുത്താൻ വൈകില്ല. ഭാവിയെപ്പറ്റി തികഞ്ഞ ആത്മവിശ്വാസമുണ്ട്’, ബിനോയ് വിശ്വം പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പിൽ സിപിഐയും എൽഡിഎഫും എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് വിലയിരുത്തി ജനങ്ങൾക്ക് പാർട്ടിക്ക് നേരിട്ട് കത്തെഴുതാൻ സിപിഐ അവസരമൊരുക്കിയിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങൾ പരിശോധിച്ച് വേണ്ട തിരുത്തലുകൾക്ക് തയ്യാറാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: CPI Acknowledges Electoral Setbacks, Vows Swift Correction: Binoy Viswam's Assurance