ആലപ്പുഴയിൽ സമ്പർക്കവ്യാപനം കൂടുന്നു; 30 കുടുംബങ്ങൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ച് നിരീക്ഷണമേർപ്പെടുത്തും

#സ്വന്തം ലേഖകൻ
-
-

ആലപ്പുഴ: സമ്പർക്കവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ നിരീക്ഷണവും നിയന്ത്രണങ്ങളും കർശനമാക്കാൻ തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളിലെ 30-35 കുടുംബങ്ങൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകളായി തിരിച്ച് പ്രത്യേക വാളണ്ടിയേഴ്സിനെ വെച്ച് നിരീക്ഷണം ഏർപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതാണ് ജില്ലയിൽ സമ്പർക്കവ്യാപനം കൂടാൻ കാരണമെന്ന് യോഗം വിലയിരുത്തി. രോഗവ്യാപനമുള്ള മേഖലകളിൽ പരിശോധന ശക്തമാക്കുമെന്നും നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരേ കേ​സെടുക്കുമെന്നും പോലീസ് അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ രോഗവ്യാപനം തടയാൻ സ്പെഷ്യൽ ​ഡ്രൈവുകൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നാല് കോവിഡ് സബ് ഡിവിഷനുകൾ കൂടി രൂപീകരിച്ച് പുതിയ നാല് DYSP-മാർക്ക് കൂടി അധിക ചുമതല നല്കിയിട്ടുണ്ട്. യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:

  • കണ്ടെയ്ൻമെന്റ് സോണിലേയ്ക്കുള്ള പ്രവേശനവും പുറത്തേയ്ക്ക് പോകുന്നതും കർശനമായും നിയന്ത്രിക്കും.
  • കണ്ടെയ്ൻമെന്റ് സോണിലൂടെ മെഡിക്കൽ, അവശ്യസാധനങ്ങളുടെ ശേഖരണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമേ യാത്രാനുമതി നൽകൂ.
  • ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമാകും അനുമതി നൽകുക. കളവായ രേഖകൾ സമർപ്പിക്കുന്നവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള കർശനമായ നിയമനടപടി സ്വീകരിക്കും.
  • കണ്ടെയ്ൻമെന്റ് സോണിലേയ്ക്കുള്ള എല്ലാ പ്രവേശന ഇടങ്ങളിലും രജിസ്റ്റർ സൂക്ഷിക്കും.
  • കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാ പ്രദേശത്തും പ്രചരിപ്പിക്കുന്നതിന് പോലീസ് വാഹനങ്ങളിൽ ഉച്ചഭാഷിണി ഘടിപ്പിച്ച് പ്രചാരണം നടത്തും.
  • എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും ബൈക്ക്, മൊബൈൽ പട്രോളിംഗ് നടത്തും.
  • മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ഏർപ്പെടുത്തുവാനും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേരുന്ന ലോറികളിലെ ജീവനക്കാരെ ലോഡ് ഇറക്കി തിരിച്ചുപോകുന്നതുവരെ സുരക്ഷിതമായി വിശ്രമിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു.
  • ക്വാറന്റൈൻ പരിശോധന കർക്കശമാക്കുന്നതിന് എല്ലാ ISHO/SI-മാരുടെയും നേതൃത്വത്തിൽ മൂന്നിൽ കുറയാത്ത സംഘങ്ങൾ ഉണ്ടാക്കും.

Content Highlights: