രാവിലെ ജോലിക്കെത്തിയവർക്ക് കിട്ടിയത് 'റിലീവിങ് ലെറ്റർ'; കോറോഹെൽത്തിൽ കൂട്ട പിരിച്ചുവിടൽ,മരവിപ്പിച്ചു

കൊച്ചി: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോറോ ഹെൽത്ത് എന്ന സ്ഥാപനത്തിൽ കൂട്ട പിരിച്ചുവിടൽ. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ അടച്ചു. ഇതോടെ 900ത്തോളം വരുന്ന ജീവനക്കാർ പെരുവഴിയിലായി. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളോട് യാതൊരു അറിയിപ്പുകളും കൂടാതെ ജോലി അവസാനിപ്പിക്കാനും റിലീവിങ് ലെറ്റർ വാങ്ങി, ഐഡി കാർഡുകൾ മടക്കിനൽകി മടങ്ങാനും ആവശ്യപ്പെടുകയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. മൂന്ന് മാസത്തെ കോമ്പൻസേഷൻ കമ്പനി നൽകുമെന്നും കൂട്ടപിരിച്ചുവിടൽ അറിയക്കാനെത്തിയവർ പറഞ്ഞതായും തൊഴിലാളികൾ പറഞ്ഞു.
മെഡിക്കൽ കോഡിങ് സ്ഥാപനമാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോറോ ഹെൽത്ത്. കൊച്ചി, കോഴിക്കോട് ജില്ലകളിലെ ഓഫീസുകൾ അടച്ചുപൂട്ടാനാണ് തീരുമാനം എടുത്തിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നതെന്ന് തൊഴിലാളികൾ പറയുന്നു. എന്നാൽ ഹൈദരബാദിലേക്ക് അടക്കം പുതിയ ഉദ്യോഗാർത്ഥികളെ ജോലിക്കെടുക്കുന്നുണ്ടെന്ന് ഇവർ പറയുന്നു.
യാതൊരു മുന്നറിയിപ്പും കൂടാതെയുള്ള ഇത്തരമൊരു തീരുമാനം മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികൾ പ്രതിഷേധം ആരംഭിച്ചു. കുറഞ്ഞത് 10 മാസത്തെ എങ്കിലും കോമ്പൻസേഷൻ അനുവദിച്ചുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം.
ഉമാ തോമസ് എംഎൽഎ, മന്ത്രി സണ്ണി ജോസഫ്, ലേബർ കമ്മീഷൻ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി. ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ, ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്. ഒരു പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ ജീവനക്കാർക്ക് പഴയതുപോലെ ഓഫീസിൽ എത്താമെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങില്ലെന്നും ചർച്ചയിൽ തീരുമാനമായി. കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും പൂട്ടുന്നതിനെക്കുറിച്ചും തുടർ ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.
Content Highlights: Corro Health shuts down Kochi and Kozhikode offices, impacting 900 staff. the ongoing protests and the upcoming labor negotiations.