'ഒന്ന് ചിരിച്ചാല്‍ എന്താണ് പ്രശ്‌നം ഇവരാണ് സിപിഎമ്മിന്റെ ശാപം'; പാലക്കാട് വീണ്ടും കൈകൊടുക്കല്‍വിവാദം

സി.കൃഷ്ണകുമാർ എൻ.എൻ.കൃഷ്ണദാസിനെ സമീപിച്ചപ്പോൾ | Photo: Screengrab from youtube.com/Mathrubhumi News
സി.കൃഷ്ണകുമാർ എൻ.എൻ.കൃഷ്ണദാസിനെ സമീപിച്ചപ്പോൾ | Photo: Screengrab from youtube.com/Mathrubhumi News

പാലക്കാട്: പാലക്കാട് വീണ്ടും കൈ കൈകൊടുക്കല്‍ വിവാദം. എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ കൈ നീട്ടിയെങ്കിലും സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ് കാണാത്ത പോലെ പോയിയെന്നാണ് ആക്ഷേപം. ഇരുവരും വോട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. സാമാന്യ മര്യാദപോലുമില്ലാത്ത ഇത്തരത്തിലുള്ള നേതാക്കളാണ് പാലക്കാട് സി.പി.എമ്മിന്റെ ശാപമെന്നും ഇത്രയും സംസ്‌കാരശൂന്യനായ നേതാവ് പാലക്കാട് വേറെയില്ലെന്നും സി.കൃഷ്ണകുമാര്‍ പറഞ്ഞു. എന്നാല്‍ കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നതിനാല്‍ ബുദ്ധിമുട്ടാകേണ്ടെന്ന് കരുതിയാണ് അദ്ദേഹത്തോട് സംസാരിക്കാതിരുന്നത് എന്നാണ് കൃഷ്ണദാസിന്റെ വിശദീകരണം. 

സി.പി.എമ്മിന്റെ സംസ്‌കാരം അതാണ്. ഒരു പോളിങ് ബൂത്തിന് മുന്നില്‍വെച്ച് എതിര്‍ രാഷ്ട്രീയ പാര്‍ട്ടിയിലെ ഒരാള്‍ക്ക് കൈകൊടുത്താല്‍ അല്ലെങ്കില്‍ ഒന്ന് ചിരിച്ചാല്‍ എന്താണ് പ്രശ്‌നം? പാര്‍ട്ടി മാറുമോ? അവരുടെ സംസ്‌കാരമാണ്. എന്റെ വീടിന്റെ അടുത്ത് കഴിഞ്ഞ പത്തിരുപത്തിയഞ്ച് വര്‍ഷമായി താമസിക്കുന്നയാളാണ്. ഇവിടുത്തെ ഒരു ജനപ്രതിനിധിയാണ്. ഇതാണ് സി.പി.എം കേരളത്തില്‍ താഴേക്ക് പോകുന്നതിന്റെ കാരണം. ജനങ്ങളെ കണ്ടാല്‍ ചിരിക്കാന്‍ കഴിയാത്ത ഇവര്‍ തന്നെയാണ് അധഃപതനത്തിന് കാരണം. പാലക്കാട് 17-ല്‍ നിന്ന് ഏഴില്‍ എത്തിച്ചതില്‍ ഇദ്ദേഹത്തിനൊക്കെ വലിയ പങ്കുണ്ട്   സി.കൃഷ്ണകുമാര്‍  മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാല്‍ പിന്നാലെ വിശദീകരണവുമായി എന്‍.എന്‍.കൃഷ്ണദാസ് രംഗത്ത് എത്തി. കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് കണ്ടിരുന്നു. അദ്ദേഹത്തിനും മാധ്യമങ്ങള്‍ക്കും ഉപദ്രവം ആകരുതെന്ന് കരുതിയാണ് വോട്ടുചെയ്യാന്‍ പോയത്. കൃഷ്ണകുമാര്‍ തന്റെ അടുത്തേക്ക് വന്നിരുന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. എന്നാല്‍ കൃഷ്ണകുമാര്‍ അടുത്തേക്ക് എത്തിയിരുന്നതും കൈനീട്ടിയതും മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ശ്രദ്ധിച്ചില്ലെന്നായിരുന്നു മറുപടി.

നേരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. സരിന്, യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും കൈകൊടുക്കാതിരുന്നതും വാര്‍ത്തയായിരുന്നു. 

Content Highlights: Controversy erupts after C Krishna Kumars handshake ignored by N N Krishnadas