വിരമിക്കുന്ന ദിവസം എട്ടിന്റെ പണി നല്‍കി കാര്‍ഷിക സര്‍വകലാശാല വി.സി; കിട്ടിയത് CPM യൂണിയന്‍ നേതാവിന്

കാര്‍ഷിക സര്‍വകലാശാല |ഫോട്ടോ:മാതൃഭൂമി
കാര്‍ഷിക സര്‍വകലാശാല |ഫോട്ടോ:മാതൃഭൂമി

തൃശ്ശൂര്‍: വിരമിക്കുന്ന ദിവസം പണികിട്ടിപ്പോകുന്നവര്‍ ഏറെയുണ്ടായിരുന്നു പണ്ട്. സര്‍വീസ് കാലത്തെ അപാകം ചൂണ്ടിക്കാണിച്ച് വിരമിക്കുന്ന ദിവസം സസ്‌പെന്‍ഡ് ചെയ്യുന്നതായിരുന്നു അന്ന് രീതി. രാഷ്ട്രീയ-വ്യക്തി കാരണങ്ങളാലുള്ള ഈ പകപോക്കലിന് കോടതിയാണ് തടയിട്ടത്. ഇപ്പോള്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വേറിട്ടൊരു പകപോക്കലിന് നാന്ദികുറിച്ച് വൈസ് ചാന്‍സലര്‍ പടിയിറങ്ങിയിരിക്കുകയാണ്.

വിരമിക്കുന്ന ദിവസം പണികിട്ടുന്ന രീതി നിന്നതോടെ, പണികൊടുത്ത് പോകുന്ന രീതിക്കാണ് വി.സി. തുടക്കമിട്ടത്. സര്‍വീസിനിടെ വട്ടക്കൊട്ടയില്‍ വെള്ളം കോരിക്കാന്‍ ശ്രമിച്ച തൊഴിലാളിസംഘടനയുടെ നേതാവിനു തന്നെ പൊള്ളുന്ന പണിയാണ് നല്‍കിയത്. സി.പി.എം. യൂണിയന്റെ ജനറല്‍ സെക്രട്ടറിയെയാണ് ഉന്നംവെച്ചത്. നേതാവിന്റെ പേരില്‍ കോടതിയുടെ പരിഗണനയിലുള്ള േകസ് ചൂണ്ടിക്കാണിച്ച് നാല് ഇന്‍ക്രിമെന്റ് തടഞ്ഞ് സ്ഥാന ഇറക്കം നടത്തുകയായിരുന്നു. അതോടൊപ്പം സ്ഥലം മാറ്റുകയും ചെയ്തു. വിരമിക്കുന്ന അന്നാണ് ഇക്കാര്യങ്ങളെല്ലാം വി.സി. ചെയ്തതെന്നുള്ളത് ശ്രദ്ധേയം. വിരമിച്ച ശേഷം കാണിച്ചുതരാം എന്ന തരത്തിലുള്ള പകപോക്കലൊന്നും തന്റെയടുത്ത് നടക്കാന്‍ പോകുന്നില്ലെന്നും വി.സി.ക്ക് അറിയാം. കേരളത്തില്‍ താമസിച്ചാലല്ലേ കാണിച്ചുതരൂ. വിരമിച്ച വി.സി. തമിഴ്‌നാട്ടുകാരനാണ്. ജന്മദേശം ആന്ധ്രാപ്രദേശും. വിരമിച്ചശേഷം എവിടെയാണ് തട്ടകമാക്കാന്‍ പോകുന്നതെന്ന് ആരോടും പറഞ്ഞില്ല, കൂടപ്പിറപ്പുകളെപ്പോലെ കരുതിയ  സിപിഐ  സംഘടനയുെട നേതാക്കളോടു പോലും.

ഇപ്പോള്‍ സര്‍വകലാശാലയില്‍  സിപിഐ- സി.പി.എം. സംഘടനകള്‍ കീരിയും പാമ്പും പോലെയാണ്.

വി.സി.യുടെ നടപടി നേരിട്ടവരെല്ലാം സി.പി.എം. സംഘടനക്കാരായതോടെ ആരോപണം കൊഴുത്തു. ഒടുവില്‍ സി.പിഎം. യൂണിയന്റെ സമുന്നത നേതാവിനെത്തന്നെ നാലു തട്ട് താഴേക്കിറക്കി ദൂരത്തേക്ക് തട്ടി. ഇത് സി.പി.എമ്മിന് വല്ലാത്ത നോവാവുമെന്നും സിപിഐ പ്രതിക്കൂട്ടിലാകുമെന്നും അറിഞ്ഞുകൊണ്ടാണ് വി.സി. ചെയ്തത്.

ഇക്കാര്യം അറിഞ്ഞാണ്, സ്ഥാനക്കയറ്റം റദ്ദാക്കാനുള്ള തീരുമാനമെടുക്കേണ്ട എക്‌സിക്യൂട്ടീവ് യോഗം പലര്‍ക്കും എത്താനാകാത്ത ഒരു ദിനം വിളിച്ചത്. പക്ഷേ, ക്വാറം തികയ്ക്കാന്‍ രണ്ടുപേര്‍ എത്തുമെന്നും ഉറപ്പാക്കി. യോഗത്തിന്റെ അന്ന് സ്ഥലം എം.എല്‍.എ.യ്ക്ക്  എത്താനാകില്ലായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുകയാണ്. സി.പി.എം. യൂണിയന്‍ നേതാവിന്റെ സ്ഥാനക്കയറ്റം റദ്ദാക്കാനുള്ള അജണ്ട മുന്‍പ് യോഗത്തില്‍ കൊണ്ടുവന്നപ്പോള്‍ നാലുതവണ എം.എല്‍.എ. മാറ്റിവെപ്പിച്ചതാണ്. ഇത്തവണ അജണ്ട പാസാക്കാനുള്ള എം.എല്‍.എ.യുടെ മൗനാനുവാദമാണ് അദ്ദേഹത്തിന്റെ അസാന്നിധ്യമെന്ന പ്രചാരണവും വി.സി. തട്ടിവിട്ടെന്നാണ് അറിയുന്നത്.

Content Highlights: Controversy at the University of Agriculture