സനാതന ധർമ സംവാദം:സിപിഎം ലക്ഷ്യം വോട്ടു ബാങ്കോ?, അതോ മുഖ്യമന്ത്രിയുടെ പ്രസംഗമെഴുത്തുകാരുടെ കൃതിയോ?

കോഴിക്കോട്: സനാതനധർമത്തെയും ശ്രീനാരായണ ഗുരുവിനെയും മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ട സംവാദത്തിന് ചൂടുപിടിക്കുമ്പോൾ സി.പി.എം. തുറന്നെടുക്കുന്നത് പുതിയൊരു രാഷ്ട്രീയതന്ത്രമാണോ എന്ന ആലോചനയിലാണ് രാഷ്ട്രീയകേരളം.
2023 സെപ്റ്റംബറിൽ സി.പി.എമ്മിന്റെ സഖ്യകക്ഷിയായ ഡി.എം.കെ.യുടെ നേതാവ് ഉദയനിധി സ്റ്റാലിൻ സനാതനധർമത്തിനെതിരേ നിശിതവിമർശം ഉന്നയിച്ചപ്പോൾ പ്രത്യേകിച്ചൊരു നിലപാട് സി.പി.എം. പറഞ്ഞിരുന്നില്ല. മുസ്‌ലിംലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കുമൊക്കെ എതിരേ അതിശക്തമായി പ്രതികരിക്കുന്ന പിണറായിയെയും സി.പി.എമ്മിനെയുമാണ് അടുത്തിടെ കേരളം കണ്ടത്.
2026-ൽ മൂന്നാംവട്ടവും കേരളത്തിൽ ഭരണം നിലനിർത്തുന്നതിന് ഹിന്ദു-ക്രിസ്ത്യൻ വോട്ടുബാങ്ക് അനിവാര്യമാണെന്ന ചിന്തയാണ് സി.പി.എമ്മിന്റെ ലീഗ് വിരുദ്ധ പരാമർശങ്ങൾക്കുപിന്നിൽ എന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ഒരിക്കൽക്കൂടി അധികാരത്തിന് പുറത്തായാൽ കോൺഗ്രസ് കേരളത്തിൽ താറുമാറാകുമെന്നുള്ള കണക്കുകൂട്ടലിൽ ബി.ജെ.പി. എടുത്തേക്കാവുന്ന അനുഭാവസമീപനവും സി.പി.എമ്മിന്റെ ബുദ്ധികേന്ദ്രങ്ങൾ കണ്ടിട്ടുണ്ടാവാം.
പക്ഷേ, കഴിഞ്ഞദിവസം ശിവഗിരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം പുതിയൊരു പോർമുഖമാണ് തുറന്നിടുന്നത്. ആർ.എസ്.എസും ബി.ജെ.പി.യുമടങ്ങുന്ന സംഘപരിവാറുമായി നേർക്കുനേർവരുന്ന പോരാട്ടം. ഈ സമീപനം സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം ആവിഷ്‌കരിച്ചതല്ലെന്നാണ് പാർട്ടിയിലെ ഒരു സീനിയർ നേതാവ് പറഞ്ഞത്. ബി.ജെ.പി. നേതാവ് വി. മുരളീധരൻ സനാതനധർമവും ശ്രീനാരായണീയ ദർശനങ്ങളും കൂട്ടിക്കലർത്തിയതിനെതിരേയുള്ള പ്രതികരണമായാണ് മുഖ്യമന്ത്രിയുടെ പ്രസംഗം വന്നത്.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. കൈവരിച്ച മുന്നേറ്റം തങ്ങളുടെ ഹിന്ദു വോട്ടുബാങ്കിൽ കാര്യമായ ചോർച്ചയുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും തിരിച്ചറിയുന്നുണ്ട്. ശ്രീനാരായണ ഗുരുവിന്റെ തത്ത്വങ്ങൾ മുൻനിർത്തിയുള്ള പുതിയനീക്കം ഈ വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണോ അതോ മുഖ്യമന്ത്രിയുടെ പ്രസംഗമെഴുത്തുകാരിൽ ഒരാളുടെ കൃതി മാത്രമായിരുന്നോ എന്നത് വരുംദിനങ്ങളിൽ വ്യക്തമാവും.
എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഈ ആശയസംഘർഷത്തിലേക്ക് വരുന്നത് സി.പി.എമ്മിന് മാത്രമല്ല ബി.ജെ.പി.ക്കും പ്രതിസന്ധിസൃഷ്ടിക്കും. ശബരിമല വിഷയത്തിൽ സംഭവിച്ചതുപോലെ ഇവിടെയും ആത്യന്തിക ഗുണഭോക്താവ് കോൺഗ്രസായിമാറുമോ എന്ന ശങ്ക ഇരുകൂട്ടർക്കുമുണ്ടാവും. ഇവിടെയും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ സി.പി.എം. നിലപാടിനോടു ചേർന്നുനിന്നപ്പോൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യത്യസ്ത നിലപാടാണെടുത്തിട്ടുള്ളതെന്ന് കാണാതിരിക്കരുത്.
കോൺഗ്രസ് അധികാരത്തിന് പുറത്തിരിക്കുമ്പോൾ അതിന്റെ ക്ഷീണം തങ്ങൾക്കുമുണ്ടെന്ന് സുകുമാരൻ നായർ തിരിച്ചറിയുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് മന്നം ജയന്തിയിലുള്ള ചെന്നിത്തലയുടെ സാന്നിധ്യം.
Content Highlights: controversies on Pinarayi Vijayans statement on Sanatana Dharma