പങ്കാളിത്തപെന്‍ഷന്‍ പദ്ധതി; പെന്‍ഷന്‍ പേരിനുമാത്രം, മരുന്നിനുപോലും തികയില്ല

കോഴിക്കോട്: സര്‍ക്കാരുദ്യോഗസ്ഥരായി വിരമിച്ചതാണ്. പങ്കാളിത്തപെന്‍ഷന്‍ കിട്ടുന്നുണ്ടെന്നാണ് വെപ്പ്. മാസം കിട്ടുന്നത് 300 രൂപയും 565 രൂപയുമൊക്കെയാണ്. മരുന്നുവാങ്ങാന്‍ പോലും തികയില്ല.
പലര്‍ക്കും അതുപോലും കിട്ടുന്നുമില്ല. ഈ തുകയുടെ മൂന്നിരട്ടിയോളം കിട്ടും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക്. അതിന് അപേക്ഷിക്കാനാവില്ല. റേഷന്‍ കാര്‍ഡില്‍ പൊതുവിഭാഗക്കാര്‍ക്കുള്ള വെള്ളക്കാര്‍ഡാണ്.
സംസ്ഥാനത്ത് നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഇരകളാണ് വിരമിച്ച ഈ സര്‍ക്കാരുദ്യോഗസ്ഥര്‍. ചേമഞ്ചേരി വില്ലേജ് ഓഫീസില്‍നിന്ന് ഫീല്‍ഡ് അസിസ്റ്റന്റായി 2017-ല്‍ വിരമിച്ച ജയ്സല്‍ പ്രദീപിന് ഒരുവര്‍ഷം ആകെ കിട്ടുന്നത് 3800 രൂപ. 2018-ല്‍ ഒളവണ്ണയില്‍ ഇതേ തസ്തികയില്‍നിന്നു വിരമിച്ചയാളാണ് സി.കെ. മമ്മദ് കോയ. അദ്ദേഹത്തിന് 6780 രൂപയാണ് ഒരു കൊല്ലം കിട്ടുന്നത്. ഇതേ തസ്തികയില്‍നിന്നു വിരമിച്ച സോമനും വിജയനുമൊന്നും ഒരു രൂപപോലും ലഭിക്കുന്നുമില്ല.
പങ്കാളിത്തപെന്‍ഷന്‍ പദ്ധതി വന്നശേഷം ആദ്യമാദ്യം വിരമിച്ചവരുടെ സ്ഥിതിയാണിത്. മൂന്നുമുതല്‍ ആറുവരെവര്‍ഷം മാത്രമാണ് പലരുടെയും സേവനകാലം. മൂന്നുകൊല്ലത്തില്‍ കുറവ് സേവനകാലയളവുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം 2550 രൂപയും 20 ശതമാനം സമാശ്വാസവും ലഭിക്കും.
ആറുവര്‍ഷം സേവനകാലയളവുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാര്‍ക്ക് മാസം 5100 രൂപയും 20 ശതമാനം സമാശ്വാസവുമാണ് ലഭിക്കുക. കഴിഞ്ഞ ജനുവരി വരെ വിരമിച്ച 30-ല്‍ 21 പേര്‍ക്കും പെന്‍ഷനൊന്നും കിട്ടുന്നില്ല. ലഭിക്കുന്നവരില്‍ മിക്കവര്‍ക്കും അഞ്ഞൂറു രൂപയില്‍ താഴെയും. വികലാംഗര്‍ക്കുവേണ്ടി സംവരണംചെയ്ത ഒഴിവുകളില്‍ സൂപ്പര്‍ ന്യൂമററി ആയി നിയമിക്കപ്പെട്ടവരാണ് കോഴിക്കോട് ജില്ലയില്‍ ഈ വിഭാഗത്തില്‍ കൂടുതല്‍. സര്‍ക്കാര്‍ ജീവനക്കാരായി വിരമിച്ചതിനാല്‍ ഇവര്‍ക്ക് വികലാംഗ പെന്‍ഷനോ വാര്‍ധക്യപെന്‍ഷനോ അപേക്ഷിക്കാന്‍ പോലും കഴിയില്ല.
ഇതിലും നല്ലത് വികലാംഗ പെന്‍ഷന്‍
മാസം 565 രൂപയാണ് കിട്ടുക. വികലാംഗ പെന്‍ഷന് അപേക്ഷിക്കാമായിരുന്നെങ്കില്‍ ഇതിനെക്കാള്‍ ഗുണമുണ്ടായേനെ. ഇത്രപോലും കിട്ടാത്തവരുമുണ്ട്. -സി.കെ. മമ്മദ് കോയ (റിട്ട. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ഒളവണ്ണ)
Content Highlights: