'കർക്കശ നടപടി, എടുത്തത് ഏറ്റവും പ്രധാനപ്പെട്ട ആൾക്കെതിരേ; രാജിവെക്കുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ?'

രാഹുൽ മാങ്കൂട്ടത്തിൽ, വി.ഡി. സതീശൻ | Photo: മാതൃഭൂമി
രാഹുൽ മാങ്കൂട്ടത്തിൽ, വി.ഡി. സതീശൻ | Photo: മാതൃഭൂമി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എംഎൽഎ സ്ഥാനം രാഹുൽ രാജിവെക്കുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. രാഹുലിനെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് മാറ്റി നിർത്തുകയാണ് ചെയ്തതെന്നും വി.ഡി. സതീശൻ പറഞ്ഞു.

കോൺഗ്രസ് എടുത്തത് കർക്കശനടപടിയാണ്. ഇത്ര കാർക്കശ്യത്തോടെ വേറെ ഏതെങ്കിലും പാർട്ടി നടപടി എടുത്തിട്ടുണ്ടോ? ഈ നടപടി സ്ത്രീകളോടുള്ള കോൺഗ്രസിന്റെ ബഹുമാനവും ആദരവുമാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോൾ എടുത്ത തീരുമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ പാർട്ടി ഇത്രയും കർക്കശത്തോടെയുള്ള ഒരു തീരുമാനമെടുക്കുന്നത്. ഒരു പരാതിയോ തെളിവോ ഇല്ലാതെ 24 മണിക്കൂറിനകം രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. വിഷയം പാർട്ടി ​ഗൗരവകരമായി പരിശോധിച്ചു. മുഴുവൻ നേതാക്കളുമായി ആശയവിനിമയം നടത്തി. ഇതേത്തുടർന്ന് രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടുണ്ടോ? റേപ് കേസിൽ പ്രതിയായിട്ടിരിക്കുന്നയാളാണ് സിപിഎമ്മിൽ എംഎൽഎ ആയിട്ടിരിക്കുന്നത്. പോക്സോ കേസിലെ പ്രതി ബിജെപിയുടെ ഹൈക്കമ്മിറ്റിയിലാണ്. ഞങ്ങൾക്ക് വേണമെങ്കിൽ ഇവരെ ചൂണ്ടിക്കാട്ടി ഒരു നടപടിയും എടുക്കാതിരിക്കാം. എന്നാൽ ആദ്യം തന്നെ രാഹുലിനെ  സ്ഥാനത്ത് നിന്ന് മാറ്റി. പിന്നെ സസ്പെൻഡ് ചെയ്തു. സ്ത്രീകളോടുള്ള പ്രസ്ഥാനത്തിന്റെ ബഹുമാനവും ആദരവും ആണ്. അവരുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് ഞങ്ങൾക്ക് തോന്നിയപ്പോൾ ഞങ്ങളുടെ പാർട്ടി ചെയ്തതതാണ്'- വി.ഡി. സതീശൻ പറഞ്ഞു. 

'ഏറ്റവും പ്രധാനപ്പെട്ട ആൾക്കെതിരേയാണ് നടപടിയെടുത്തത്. ഞങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ഏറ്റവും ബന്ധമുള്ള പാർട്ടിയുടെ മുൻനിരയിൽ നിൽക്കുന്ന ഒരാളെ രക്ഷപ്പെടുത്താൻ ഒരു ശ്രമവും നടത്താതെ ഒരു പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം സംരക്ഷിക്കാനാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അത് അടയാളപ്പെടുത്തും'- അദ്ദേഹം പറഞ്ഞു.

ഉമാ തോമസ് എംഎൽഎ അടക്കമുള്ളവർ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. കേരളത്തിൽ സിപിഎം ആണ് സ്ത്രീകൾക്കെതിരേ സൈബർ അറ്റാക്കിന് തുടക്കമിടുന്നത്. സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിൽ ആക്രമിക്കുന്നത് മനോരോഗമാണ്. അത് തെറ്റാണ്. ആരെയും ആക്രമിക്കാൻ പാടില്ല. അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Content Highlights: Congress MLA Suspension: Satheesan Commends