'പിണറായി ബംഗാൾമോഡലിലേക്ക് CPM-നെ എത്തിക്കാൻ ക്വട്ടേഷനെടുത്ത നേതാവ്'; ‘സമരാഗ്നി’ക്ക് തുടക്കം

കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ എന്ത് ധാര്‍മികതയാണുള്ളതെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ബംഗാൾ മോഡലിലേക്ക് സി.പി.എമ്മിനെ എത്തിക്കുന്നതിനായി ക്വട്ടേഷനെടുത്ത നേതാവാണ് പിണറായിയെന്നും വേണുഗോപാൽ ആരോപിച്ചു. കെ.പി.സി.സി.യുടെ ‘സമരാഗ്നി’ ജനകീയപ്രക്ഷോഭ യാത്ര ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോടൊക്കെ നല്ല കമ്യൂണിസ്റ്റുകളുള്ള നാടാണ്. കഴിഞ്ഞ തവണ അവരുകൂടെ സഹായിച്ചാണ് ഉണ്ണിത്താന്‍ ഇത്രയേറെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. സി.പി.എം കമ്യൂണിസ്റ്റുകളുടെ ആദര്‍ശങ്ങള്‍ നടപ്പിലാക്കുന്ന പാര്‍ട്ടിയോണോ? ബംഗാൾ മോഡലിലേക്ക് സി.പി.എമ്മിനെ എത്തിക്കുന്നതിനായി ക്വട്ടേഷനെടുത്ത നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തിന് ബി.ജെ.പി വിരുദ്ധതയൊന്നുമില്ല. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഏത് കാര്യത്തോടും സഹകരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. കേരള സർക്കാർ ഡൽഹിയിൽ നടത്തുന്നത് നാടക സമരമാണ്. ദേശീയ തലത്തില്‍ മോദിയെ നേരിടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന യാത്രയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈന്‍ ഡ്രൈവിലും തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങളുണ്ടാകും.
കര്‍ഷകര്‍, തൊഴിലാളികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, ജനകീയസമരങ്ങളില്‍ പങ്കെടുത്തവര്‍, കലാസാഹിത്യരംഗത്തെ പ്രമുഖര്‍, പോലീസിന്റെയും മാഫിയകളുടെയും അക്രമത്തിനിരയായവര്‍, ദുരിതമനുഭവിക്കുന്ന പ്രവാസികള്‍, ലൈഫ് ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതിയില്‍നിന്ന് തഴയപ്പെട്ടവര്‍, സാമൂഹികക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളുമായി സംവദിക്കാനും പരാതികള്‍ കേള്‍ക്കുകയും ചെയ്യും.
പ്രധാന ജില്ലകളിൽ ഒന്നിലധികം പൊതുസമ്മേളനങ്ങളുണ്ടാകും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്നുവീതവും കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസർകോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
Content Highlights: Congress 'Samaragni' started