പോലീസ് സ്റ്റേഷനിൽ നേതാക്കൾക്ക് പുല്ലുവില; ഭരണത്തിൽ പാർട്ടിക്കാർക്ക് പരിഗണനയില്ല, കോൺഗ്രസിൽ അമർഷം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: സംസ്ഥാനഭരണത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് പാർട്ടിക്കുള്ളിൽ അമർഷം. ബോർഡ്, കോർപ്പറേഷൻ തലപ്പത്ത് ഇടതുനേതാക്കൾ തുടരുന്നുവെന്നതാണ് പ്രധാന വിമർശനം. ജില്ലയിലെ വിവിധ പ്രാദേശികനേതാക്കൾ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളോട് ഒറ്റയ്ക്കും കൂട്ടായും പരാതി പറയുന്നുണ്ട്.

പോലീസ് സ്റ്റേഷനുകളിൽ പ്രാദേശിക നേതാക്കൾക്ക് ഒരുവിലയും ലഭിക്കുന്നില്ലെന്ന് ഡി.സി.സി. ഓഫീസിൽ ചേർന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗത്തിൽ വിമർശനമുയർന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ പാർട്ടി നേതാക്കളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നതേയില്ല. ഇടതുഭരണകാലത്ത് സമരം ചെയ്ത കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച എസ്.ഐ.മാരും സി.ഐ.മാരും സൗകര്യമുള്ള സ്റ്റേഷനുകളിൽ വന്നിരിക്കുകയാണെന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു.

താൻ നിർദേശിച്ച ഉദ്യോഗസ്ഥർക്കുപോലും സ്ഥലംമാറ്റം ലഭിച്ചില്ലെന്ന് ഡി.സി.സി. പ്രസിഡന്റും പരാതിപ്പെട്ടതായാണ് വിവരം. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ പാർട്ടി നേതാക്കളെ പരിഗണിക്കാതെ ചില ശക്തികൾ തന്നിഷ്ടം കാണിക്കുകയാണെന്ന വിമർശനവുമുണ്ടായി. ജില്ലയിലെ മന്ത്രിമാരും എം.എൽ.എ.മാരും പാർട്ടി നേതൃത്വവുമായി ആശയവിനിമയം നടത്തുന്നില്ലെന്ന പരാതിയും ഉയർന്നുവന്നു.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും സെക്രട്ടറിമാരും പ്രാദേശികനേതാക്കളുടെ ഫോൺവിളികൾ എടുക്കാറില്ല. കൊല്ലം കോർപ്പറേഷൻ ഭരണനേതൃത്വം പാർട്ടിയുമായി ആശയവിനിമയം നടത്താറില്ലെന്നും പാർലമെന്ററി പാർട്ടി യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റുമാരെ പങ്കടുപ്പിക്കാറില്ലെന്നും നേതാക്കൾ പരാതിപ്പെട്ടു.

Content Highlights: Congress workers face neglect in state governance and board appointments., Block presidents criticize police stations for ignoring local leaders., Ministers and MLAs fail to communicate properly with the party leadership., Kollam Corporation administration accused of excluding party in decisions.