‘തിരുവനന്തപുരം സീറ്റില്ലെങ്കിൽ പാർട്ടിവിടുമെന്നത്‌ സിപിഎമ്മിന്റെ പിആർ പ്രചരണം’; വി.എസ്. ശിവകുമാർ

#അജ്മല്‍ എന്‍.എസ്.
വി.എസ്. ശിവകുമാർ | ചിത്രം: സി.ആർ. ഗിരീഷ് കുമാർ, മാതൃഭൂമി
വി.എസ്. ശിവകുമാർ | ചിത്രം: സി.ആർ. ഗിരീഷ് കുമാർ, മാതൃഭൂമി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് നൽകിയില്ലെങ്കിൽ കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി മുൻ മന്ത്രി വി.എസ്. ശിവകുമാർ. സിപിഎമ്മിന്റെ പിആർ വർക്കാണ് പ്രചരണത്തിന് പിന്നിലെന്നും ഇത്തരക്കാർ മറുപടി അർഹിക്കുന്നില്ലെന്നും ശിവകുമാർ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് ക്ലീൻചിറ്റ് നൽകിയതിനാലാണ് അടുത്ത പ്രചരണവുമായി സിപിഎം അണികൾ ഇറങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. 'വിജിലൻസ് കേസിൽ ക്ലീൻചിറ്റ് കിട്ടിയതിന് ശേഷമുള്ള പുതിയ പിആർ വർക്ക് ആണിത്. എനിക്കെതിരെയുള്ള പ്രചരണങ്ങൾ തുടങ്ങിയിട്ട് കാലം ഏറെയായി. ഇതൊന്നും വിലപ്പോകില്ല.' അദ്ദേഹം പറഞ്ഞു.

'സിപിഎമ്മിന്റെ അനുഭാവികൾ തന്നെയാകും ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ. എനിക്കെതിരായ ഇത്തരം പ്രചരണങ്ങൾക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം ആലോചനയിലുണ്ട്. ഞാൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. എന്റെ എഐ ചിത്രങ്ങൾ ഉപയോഗിച്ചും ഓരോ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു.' അദ്ദേഹം ആരോപിച്ചു.

'പണ്ട് നമ്മുടെ നാല് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പ്രചരിപ്പിച്ചു. കോൺഗ്രസ് പാർട്ടിയുടെ ആദർശങ്ങളിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. സത്യത്തിൽ ഇത്തരം പ്രചരണങ്ങൾ മറുപടി അർഹിക്കുന്നില്ല. പാർട്ടിയുമായി സീറ്റ് ഉൾപ്പടെ പലകാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. പൊതുമധ്യത്തിൽ അത്തരം കാര്യങ്ങളൊന്നും പറയാറില്ല. ഞാനൊരു അച്ചടക്കമുള്ള പ്രവർത്തകനാണ്.' വി.എസ്. ശിവകുമാർ പറഞ്ഞു.

ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം സെൻട്രൽ. മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ തിരുവനന്തപുരം സെൻട്രൽ പിടിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. വി.എസ്. ശിവകുമാറിന്റെയും കെ. മുരളീധരന്റെയും ശബരീനാഥന്റേയും പേരുകളാണ് മണ്ഡലത്തിൽ പ്രധാനമായും പരിഗണിക്കുന്നത്. തിരുവമ്പാടി സീറ്റ് ലീഗ് സിഎംപിക്ക് നൽകിയില്ലെങ്കിൽ സിപി ജോണിനെ തിരുവനന്തപുരത്തേയ്ക്ക് പരിഗണിച്ചേക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: Former Minister VS Sivakumar refutes rumors of leaving Congress if not considered for the Trivandrum seat, blaming CPM PR tactics. Read his statement.