ഇടത് എംഎൽഎ ഇനിയും ജയിക്കണമെന്ന് പുകഴ്ത്തി; കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പദവിയിൽനിന്ന് നീക്കി

കൊടുവള്ളി: കുന്ദമംഗലത്തെ ഇടതുസ്വതന്ത്ര എംഎൽഎ പി.ടി.എ. റഹീം ഇനിയും ജയിച്ച് നിയമസഭയിലെത്തണമെന്ന് പ്രസംഗിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പദവിയിൽനിന്നു നീക്കി. കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.കെ. ജലീലിനെതിരേയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം അച്ചടക്കനടപടിയെടുത്തത്. മണ്ഡലം പ്രസിഡന്റിന്റെ താത്കാലിക ചുമതല വൈസ് പ്രസിഡന്റ് എം. ഉമ്മറിനു നൽകി.
ചാത്തമംഗലം പഞ്ചായത്തിലെ മുട്ടയം വാർഡിലെ മനയേടത്തുകുഴി-കുന്നത്ത്കുഴി റോഡ് നിർമാണത്തിനുവേണ്ടി ജലീൽ ഭൂമി വിട്ടുനൽകിയിരുന്നു. ഈ റോഡിന് പി.ടി.എ. റഹീം എംഎൽഎ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. വ്യാഴാഴ്ച ഇതിന്റെ പ്രവൃത്തി ഉദ്ഘാടനച്ചടങ്ങിലായിരുന്നു ജലീലിന്റെ പ്രസംഗം. “മൂന്നുപ്രാവശ്യം ഇവിടെ എംഎൽഎ ആയി. ഇനി ഞാൻ പറയുന്നത് നാലാം പ്രാവശ്യം ഇവിടെ കൊടുക്കരുത്. കൊടുവള്ളിയിലേക്ക് കൊണ്ടുവരണമെന്നതാണ് എന്റെ ആവശ്യമെങ്കിലും ഇനിയും ഇവിടെത്തന്നെ എംഎൽഎ ആയി അദ്ദേഹം വരട്ടെ.
എൽഡിഎഫ് ഗവൺമെന്റാണ് വരുന്നതെങ്കിൽ അതിൽ മന്ത്രിയായിവരാൻ യോഗ്യതയുള്ളയാളാണ് പിടിഎ റഹീം. ഏതുസമയത്തും നട്ടപ്പാതിരയ്ക്കായാൽപ്പോലും ഫോൺ ചെയ്താൽ എടുക്കുന്ന ആളാണ് പി.ടി.എ. റഹീം’’ -എന്നായിരുന്നു പരാമർശം.
ചാത്തമംഗലം പഞ്ചായത്ത് ഇനിയും ഇടതുപക്ഷത്തിന്റെ കീഴിലേ വരുകയുള്ളൂവെന്നും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.
ജലീലിന്റെ പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കോൺഗ്രസ് ചാത്തമംഗലം മണ്ഡലം കമ്മിറ്റിയും മുസ്‌ലിം ലീഗ് ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റിയും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറിന് പരാതിനൽകി. തുടർന്നാണ് നടപടി.
അതേസമയം വ്യക്തിപരമായ കാരണങ്ങളാൽ താൻ രാജിവെച്ചന്നാണ് ജലീൽ പറയുന്നത്.
കൊടുവള്ളി കെഎംഒ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് വിജയിച്ച കെഎസ്‌യു, എംഎസ്എഫിനെതിരേ ‘എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു’ എന്നെഴുതിയ ബാനറുമായി പ്രകടനം നടത്തിയത് വിവാദമായിരുന്നു.
ഇതേത്തുടർന്ന് രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരേ ഫെയ്സ് ബുക്കിൽ കുറിപ്പിട്ട കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.എ. കാദറിനെതിരേ സി.കെ. ജലീൽ രംഗത്തുവന്നിരുന്നു.
Content Highlights: Congress Leader Removed for Praising Opposition MLA's Re-election