മുഖ്യമന്ത്രിയെ തടഞ്ഞ കേസ്; ചേന്തി അനിൽ പോലീസ് റൗഡി ലിസ്റ്റിലുള്ളയാൾ, സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

#മാതൃഭൂമി ന്യൂസ്
ചേന്തി അനിലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ | Photo: screengrab/mathrubhumi news
ചേന്തി അനിലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ | Photo: screengrab/mathrubhumi news

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും ഡിസിസി അംഗവുമായ ചേന്തി അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തനാണ് സസ്പെൻഷൻ നടപടി പ്രഖ്യാപിച്ചത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ നിർദേശപ്രകാരമായിരുന്നു നടപടി.

സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പോലീസ് ചേന്തി അനിലിനെ അറസ്റ്റ് ചെയ്തിരുന്നു. വഞ്ചിയൂർ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ അനിൽ പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പരാമർശമുണ്ട്. ഇയാൾക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മുൻപ് തിരുവനന്തപുരത്തെ ഗുണ്ടാ നേതാക്കളായ പുത്തൻപാലം രാജേഷ്, ഓംപ്രകാശ് എന്നിവരുമായി ചേന്തി അനിൽ സ്വന്തം വീട്ടിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതും വലിയ വിവാദമായിരുന്നു. 

വെള്ളിയാഴ്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുനിന്നും ശ്രീകാര്യം വഴി പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിൽ വെച്ച് തടഞ്ഞുനിർത്തിയെന്നാണ് അനിലിനെതിരെയുള്ള പരാതി. ഈ പരിപാടി തന്റെ ഔദ്യോഗിക ഷെഡ്യൂളിൽ ഇല്ലെന്നും അതിനാൽ ഉദ്ഘാടനം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ ചേന്തി അനിൽ വാഹനത്തിന് മുന്നിലേക്ക് കയറിനിന്ന് തടയുകയായിരുന്നു.

തുടർന്ന് മുഖ്യമന്ത്രിയും അനിലും തമ്മിൽ തർക്കമുണ്ടാകുകയും, മര്യാദയ്ക്ക് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയോട് ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും’ എന്ന് അനിൽ തിരിച്ചു ചോദിച്ചുവെന്നാണ് പരാതി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ഗൺമാൻമാർ അനിലിനെ പിടിച്ചുമാറ്റിയാണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്. അതേസമയം, തനിക്കെതിരെയുള്ള നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും താൻ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നുമാണ് കസ്റ്റഡിയിലിരിക്കെ ചേന്തി അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Content Highlights: Congress leader and DCC member Chenthi Anil suspended from primary membership for blocking Kerala CM's convoy., Remand report reveals Anil is on the police rowdy list with multiple criminal cases., Incident triggered after CM withdrew from an event due to organizer's criminal background., Anil claims he is a victim of factional politics within the Thiruvananthapuram Congress.