വി.ഡി.യെ പിന്തുണച്ചില്ല; ഐ.സി.ക്ക്‌ പുല്പള്ളിയിൽ വിമർശനം, ചേരിതിരിഞ്ഞ് തർക്കം

#ന്യൂസ് ഡെസ്ക്
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ

പുല്പള്ളി: ബത്തേരി നിയോജകമണ്ഡലം എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി. ബാലകൃഷ്ണൻ, മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് പുല്പള്ളി മണ്ഡലം കമ്മിറ്റി യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞ് തർക്കം. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനംചെയ്യുന്നതിനായി കഴിഞ്ഞദിവസം ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഐ.സി. ബാലകൃഷ്ണനെതിരേ രൂക്ഷവിമർശനമുയർന്നത്. ഐ.സി. ബാലകൃഷ്ണൻ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കാത്തതാണ് ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്.

കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ച ഐ.സി. ബാലകൃഷ്ണന്റെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും. ഐ.സി. ബാലകൃഷ്ണനെ ന്യായീകരിക്കാൻശ്രമിച്ച നേതാക്കൾക്കും ഭൂരിപക്ഷശബ്ദത്തിന്റെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഐ.സി. ബാലകൃഷ്ണന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം കണക്കിലെടുക്കാതെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്വന്തംനിലയിൽ അഭിപ്രായം രേഖപ്പെടുത്തിയ നടപടി ശരിയല്ലെന്നും യോഗത്തിൽ കുറ്റപ്പെടുത്തി. ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർക്ക് മുന്നിൽ അഭിപ്രായം രേഖപ്പെടുത്തും മുൻപ് പ്രാദേശികനേതൃത്വത്തോട് കൂടിയാലോചനകൾ നടത്തണമായിരുന്നുവെന്നും അഭിപ്രായമുയർന്നു.

കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു മണ്ഡലം ഭാരവാഹികളുടെയും ബൂത്ത് പ്രസിഡന്റുമാരുടെയും യോഗം ചേർന്നത്. പ്രതിപക്ഷനേതാവായി കഴിഞ്ഞ അഞ്ചുവർഷം മുന്നണിക്കുവേണ്ടി മുന്നിൽനിന്ന് പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പിനെ നയിക്കുകയും ചെയ്ത വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഈ വിഷയത്തിൽ കൂടുതൽ തർക്കങ്ങളുടെ ആവശ്യമില്ലെന്നും പറഞ്ഞ് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രതിഷേധിച്ച നേതാക്കളെ അനുനയിപ്പിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പുല്പള്ളി മണ്ഡലത്തിൽ വോട്ടുകുറഞ്ഞതും യോഗത്തിൽ വിമർശനത്തിനിടയാക്കി. പുല്പള്ളി മേഖലയിലെ പത്ത് ബൂത്തുകളിൽ യു.ഡി.എഫ്. സ്ഥാനാർഥി രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതിൽ ഒൻപത് ബൂത്തുകളിൽ എൽ.ഡി.എഫും ഒരു ബൂത്തിൽ ബി.ജെ.പി.യുമാണ് ലീഡ് ചെയ്തത്. ഈ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നേതാക്കൾക്ക് വീഴ്ചസംഭവിച്ചതായും യോഗത്തിൽ ആക്ഷേപമുയർന്നു.

Content Highlights: Congress leaders in Pulpally protest I.C. Balakrishnan's CM candidate preference., Majority demand VD Satheesan as the CM candidate for the 2026 term., Concerns raised over vote share decline in Pulpally booths., Internal failure to coordinate election campaigns acknowledged.