‘ക്രൂരമായി വേട്ടയാടി, തിരഞ്ഞെടുപ്പിൽ തോറ്റിരുന്നെങ്കിൽ അതിന്റെ പഴി കെ.സി.യുടെ തോളിലാകുമായിരുന്നു’

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ തഴഞ്ഞതിൽ പ്രതിഷേധത്തിലാണ് കെ.സി. പക്ഷം. കെ.സി. വേണുഗോപാലിനെ ക്രൂരമായി വേട്ടയാടിയെന്നും തിരഞ്ഞെടുപ്പിൽ തോറ്റിരുന്നെങ്കിൽ അതിന്റെ പഴി കെ.സി.ക്കായിരിക്കുമെന്നും കോൺഗ്രസ് നേതാവ് പഴകുളം മധു പറഞ്ഞു. സംഘടിതമായ ആക്രമണം നടന്നെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ ഒന്നും പരിഗണിച്ചില്ലെന്നും പഴകുളം മധു പ്രതികരിച്ചു.
‘ഒന്നിലേറെ നേതാക്കൾ ഒരു സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ കൃത്രിമമായ പൊതുബോധം സൃഷ്ടിച്ച്, ഒരു വ്യക്തിയെ തിരഞ്ഞുപിടിച്ച് അവഹേളിക്കുക, ആക്രമിക്കുക. ഈ തിരഞ്ഞെടുപ്പിൽ ഒരു സംഘം, കെ.സി വേണുഗോപാൽ എന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയെ ക്രൂരമായി വേട്ടയാടി. സംഘടിതമായ ആക്രമണം നടന്നു. അദ്ദേഹത്തിന്റെ സംഭാവനകൾ ഒന്നും പരിഗണിച്ചില്ല. കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ തോറ്റിരുന്നെങ്കിൽ അതിന്റെ പഴി കെ.സി വേണുഗോപാലിന്റെ തോളിലാകുമായിരുന്നു. എവിടെയെല്ലാം ഇന്ത്യയിൽ തോൽക്കുന്നോ പഴി മുഴുവൻ വേണുഗോപാലിന്. എവിടെയെല്ലാം ജയിച്ചോ ഒരു അംഗീകാരവും വേണുഗോപാലിനില്ല.’ - പഴകുളം മധു പറഞ്ഞു.
‘ഭാരത് ജോഡോ യാത്ര നടത്തി കെ.സി. വേണുഗോപാൽ. അപ്പോൾ പറയുകയാണ് എന്തിനാണ് രാഹുൽ ഗാന്ധിയെ നടത്തിക്കുന്നത്. പഴി മുഴുവൻ അദ്ദേഹത്തിനെതിരായിട്ട്. അത് വിജയിച്ചു. വേണുഗോപാലിന് ഒരു റോളുമില്ല. രണ്ടാം ഭാരത് ന്യായ് യാത്ര വന്നു, അതിലും വേണുഗോപാലിന് ഒരു പങ്കുമില്ല. കോൺഗ്രസിന് എവിടെയെല്ലാം ക്ഷീണം പറ്റുന്നുവോ അവിടെയെല്ലാം വേണുഗോപാലിനെ ആക്രമിക്കുന്ന ഒരു പ്രതീതി, ഒരു പ്രവണത കേരളത്തിലെ രാഷ്ട്രീയത്തിൽ നിലനിൽക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ തിരഞ്ഞെടുപ്പിൽ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട പൊതുബോധം.’
‘അദ്ദേഹത്തിന്റെ പൂർവകാല പ്രവൃത്തികൾ നോക്കണം. കെഎസ്‌യു പ്രസിഡന്റ് എന്നുവെച്ചാൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ കൂടി വന്നതാണ്. എ.കെ. ആന്റണി ഇന്നും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തോട് ചോദിക്കണം. അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോൾ ജി. കാർത്തികേയനെപ്പോലെ ധർമ്മനിഷ്ഠനായ നേതാവ് റിട്ടേണിങ് ഓഫീസർ ആയ തിരഞ്ഞെടുപ്പിൽ കൂടിയാണ് വേണുഗോപാൽ കെഎസ്‌യു പ്രസിഡന്റ് ആകുന്നത്. അല്ലാതെ ഏതെങ്കിലും ഒരു നേതാവ് പോക്കറ്റിൽ ഇരുന്ന പേനയെടുത്ത് എഴുതിവെച്ച ആളല്ല വേണുഗോപാൽ. യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹം അതിശക്തനായിരുന്നു. 20 വർഷം എംഎൽഎയായിരുന്നു. ഇന്ത്യൻ പാർലമെന്റിലെ ഇരുസഭകളിലെയും അംഗമായിരുന്നു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനാണ്. ഇത്രയും പാരമ്പര്യമുള്ള നേതാവിനെ കേരളത്തിൽ വളഞ്ഞിട്ട് ആക്രമിച്ചു. അത് അധാർമികമായ സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ട്, ഏറ്റവും ഹീനമായ മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് നടന്ന ഒരു അക്രമമാണ്.’ – പഴകുളം മധു കൂട്ടിച്ചേർത്തു.
Content Highlights: Internal dissatisfaction within Kerala Congress following the selection of VD Satheesan as CM., Pazhakulam Madhu alleges a organized campaign against KC Venugopal.,