തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേരത്തേ പിരിവിനിറങ്ങാൻ കോൺഗ്രസ്; പിരിവ് വാർഡൊന്നിന് 60,000 രൂപ

Photo: AI generated image
Photo: AI generated image

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേരത്തേതന്നെ പിരിവിനിറങ്ങുന്നു. വാര്‍ഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കുകയാണ് ലക്ഷ്യം. ഇതില്‍ 10 ശതമാനം ഡിസിസിക്ക് നല്‍കണം. ബാക്കിത്തുക തദ്ദേശ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ ചെലവഴിക്കാം.

മണ്ഡലം പ്രസിഡന്റും വാര്‍ഡ് പ്രസിഡന്റും ചേര്‍ന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്.

ഓഗസ്റ്റ് 29, 30, 31 തീയതികളിലായാണ് വാര്‍ഡ്തലത്തില്‍ ജനങ്ങളില്‍നിന്ന് പിരിവുനടത്തുക. സ്ത്രീ, പിന്നാക്ക സംവരണ വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ പിരിവില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന നിര്‍ദേശവും കെപിസിസി നല്‍കിയിട്ടുണ്ട്.

കേന്ദ്രത്തില്‍ ബിജെപിക്കും സംസ്ഥാനത്ത് സിപിഎമ്മിനും ഭരണമുള്ളതിനാല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ഫണ്ടിന് കുറവുണ്ടാകില്ല. തദ്ദേശതിരഞ്ഞെടുപ്പിനു വേണ്ട പണം പ്രാദേശികമായി കണ്ടെത്തേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

വോട്ടര്‍പട്ടികയില്‍ മുമ്പില്ലാത്തവിധം ആളുകളെ പ്രാദേശികനേതാക്കള്‍ ചേര്‍ത്തുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മിഷന്‍-25 ന്റെ കര്‍മപദ്ധതിയിലും പ്രാദേശിക തിരഞ്ഞെടുപ്പിന് പ്രാദേശികമായി പണം കണ്ടെത്തണമെന്ന് നിര്‍ദേശിച്ചിരുന്നു.

Content Highlights: Congress aims to raise ₹60,000 per ward for upcoming local body elections in Kerala to counter BJP