കുർബാനയെ ചൊല്ലി തർക്കം; പെരുമ്പാവൂരിൽ പള്ളിയ്ക്കകത്ത് സംഘർഷം | VIDEO

#സ്വന്തം ലേഖകന്‍
പള്ളിയിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളില്‍ നിന്നും
പള്ളിയിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളില്‍ നിന്നും

കൊച്ചി: പെരുമ്പാവൂർ താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ കുർബാനയെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സിനഡ് നിർദേശിച്ച ഏകീകൃത കുർബാന ചൊല്ലണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയതാണ് സംഘർഷത്തിന് കാരണമായത്. ഒടുവിൽ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ജനാഭിമുഖ കുർബാനയാണ് പള്ളിയിൽ നടത്താനിരുന്നത്. എന്നാൽ രാവിലെ കുർബാന അർപ്പണം തുടങ്ങുന്ന സമയത്ത് നാലുപേർ ഏകീകൃത കുർബാന ചൊല്ലണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഭൂരിപക്ഷം പേരും ഇതിനെ എതിർത്തതോടെ പള്ളിയ്ക്കുള്ളിൽ തർക്കവും സംഘർഷാവസ്ഥയുമായി. 

പള്ളിയുടെ വികാരിയും ഏകീകൃത കുർബാനയ്ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്. ഒരു മണിക്കൂറോളം തർക്കം നീണ്ടു. ഒടുവിൽ പോലീസ് എത്തി ഇരു വിഭാഗത്തെയും അനുനയിപ്പിച്ചു. 

ഭൂരിപക്ഷാഭിപ്രായം മാനിച്ച് ജനാഭിമുഖ കുർബാന ചൊല്ലണമെന്ന് വികാരി സമ്മതിക്കുകയായിരുന്നു. 6.30ന് ആരംഭിക്കേണ്ട കുർബാന രണ്ട് മണിക്കൂർ വൈകി 8.30നാണ് നടന്നത്. പ്രദേശത്ത് നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് പോലീസ് അറിയിച്ചു.

Content Highlights: Conflict inside St Joseph Church in Perumbavoor