ശൗചാലയം കഴുകാൻ വിസമ്മതിച്ചനഴ്സിങ് അസിസ്റ്റന്റിനെ പിരിച്ചുവിട്ടെന്ന് പരാതി

ഫയല്‍ചിത്രം | Photo: Mathrubhumi
ഫയല്‍ചിത്രം | Photo: Mathrubhumi

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശൗചാലയം വൃത്തിയാക്കാൻ വിസമ്മതിച്ച നഴ്സിങ് അസിസ്റ്റൻറിനെ പിരിച്ചുവിട്ടെന്ന പരാതിയിൽ ആശുപത്രി വികസനസമിതിയുടെ തീരുമാനം രേഖാമൂലം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പേ വാർഡ് വിഭാഗത്തിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച ജീവനക്കാരിയെ ശുചിമുറി കഴുകി വൃത്തിയാക്കുന്ന ജോലിയിൽ നിയോഗിച്ചത് എതിർത്തപ്പോൾ പിരിച്ചുവിട്ടെന്നാണ് പരാതി.

ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി സർക്കാർ മെഡിക്കൽകോളേജ് സൂപ്രണ്ടിന് നിർദേശം നൽകി. ഒക്ടോബറിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. നഴ്സിങ് അസിസ്റ്റന്റായാണ് ജോലിയിൽ പ്രവേശിച്ചതെന്നും മാലിന്യം തരംതിരിക്കാനും ശൗചാലയം കഴുകാനുമാണ് തന്നെ നിയോഗിച്ചതെന്നും മുളംകുന്നത്തുകാവ് സ്വദേശി ശ്രീകലയുടെ പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ ഇത്തരം ജോലിചെയ്യാൻ കഴിയില്ലെന്ന് എഴുതി നൽകാൻ ഹെഡ്‌നഴ്സ് ആവശ്യപ്പെട്ടു.

ഇക്കാര്യം എഴുതിനൽകിയപ്പോൾ ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിന് ജോലിയിൽനിന്ന്‌ പറഞ്ഞുവിട്ടു. തരംതാഴ്ത്തിയ നടപടി പിൻവലിച്ച് ജോലിയിൽ തിരികെയെടുക്കണമെന്ന് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല.

മെഡിക്കൽ കോളേജ് സൂപ്രണ്ടിൽനിന്ന്‌ കമ്മിഷൻ റിപ്പോർട്ടു വാങ്ങി. പരാതി അന്വേഷിക്കാൻ നാലംഗസമിതിയെ നിയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പരാതിയിൽ തീരുമാനമെടുക്കേണ്ടത് നിയമനാധികാരിയായ ആശുപത്രി വികസനസമിതിയാണ്. ആശുപത്രി വികസനസമിതിയുടെ അടുത്ത യോഗത്തിൽ പരാതി പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതായി സൂപ്രണ്ട് പറഞ്ഞു.

Content Highlights: Complaint that the nursing assistant was dismissed for refusing to wash the toilet