സമൂഹവ്യാപന ആശങ്കയില്‍ മലപ്പുറം: കര്‍ശന നടപടികളുമായി ജില്ലാഭരണകൂടം

-
-

മലപ്പുറം: ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി മലപ്പുറം ജില്ലാഭരണകൂടം. ജനങ്ങള്‍  നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നുണ്ടോയെന്നറിയാന്‍ പ്രത്യേക സ്‌ക്വാഡിനെ രൂപവത്കരിക്കുമെന്നും ജില്ലാകളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. 

ജില്ലയില്‍ സമൂഹവ്യാപന ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജില്ലയില്‍ ഇപ്പോള്‍ 218 കോവിഡ് രോഗികളാണുള്ളത്. ഇതില്‍ 169 പേരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ബാക്കി ഉള്ളവര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കഴിയുകയാണ്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയാണ് ഇത്തരം സെന്ററുകളിലേക്ക് മാറ്റുന്നത്. ഇത്തരത്തില്‍ സഫ കാളികാവ് സെന്ററില്‍ 42 പേരും സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ബോയിസ് ഹോസ്റ്റലില്‍ ഏഴുപേരുമാണ് ചികിത്സയിലുള്ളതെന്നും കളക്ടര്‍ വ്യക്തമാക്കി. 

ഇത് വരെ ജില്ല സുരക്ഷിതമായ നിലയിലായിരുന്നു. എന്നാല്‍ ശനിയാഴ്ച 47 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി. 

12 കേസുകള്‍ ഉറവിടമറിയാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ എട്ട് കേസുകളുടെ  ഉറവിടം കണ്ടെത്തിയെന്നും ബാക്കി നാല് രോഗികളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കളക്ടര്‍ വ്യക്തമാക്കി. ഉറവിടം കണ്ടെത്തിയ രോഗികളുടെ  റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണെന്നും കളക്ടര്‍ അറിയിച്ചു,

ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏഴ് കേസുകള്‍ പൊന്നാനി താലൂക്കിലെ രണ്ട് മൂന്ന് പഞ്ചായത്തുകളിലാണെന്നും ഈ പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. വട്ടംകുളം, എടപ്പാള്‍, ആലങ്കോട്,മാറഞ്ചേരി എന്നീ പഞ്ചായത്തുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

പൊന്നാനി മുനിസിപ്പാലിറ്റിയിലെ 52 വാര്‍ഡുകളില്‍ 47 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ്  സോണാക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.  1,2,3,50,51 എന്നീ അഞ്ച് വാര്‍ഡുകളെ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. 

പുല്‍പറ്റയിലെ ഏഴാം വാര്‍ഡും കണ്ടെയ്ന്‍മെന്റ്  സോണാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആദ്യ ലോക്ക്ഡൗണിന്റെ സമയത്തെ അതെ നിയന്ത്രണങ്ങളായിരിക്കും കണ്ടെയ്ന്‍മെന്റ്  സോണുകളില്‍  നടപ്പിലാക്കുകയെന്നും കളക്ടര്‍ അറിയിച്ചു. 

ആറു പഞ്ചായത്തുകളില്‍ നിന്ന് 1000 സാമ്പിളുകള്‍ ശേഖരിച്ച്  പരിശോധന നടത്തും. ഇതിന്റെ ഫലം രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ അറിയാനാകും സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോയെന്ന് ഇതിലൂടെ വ്യക്തമാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.

പൊന്നാനി ഹൈവേ കണ്ടെയ്ന്‍മെന്റ് സോണില്‍ പെടുമെന്നതിനാല്‍ ഇതിലൂടെ പോകുന്ന വാഹനങ്ങള്‍ 30 മിനിട്ടിനുള്ളില്‍ കണ്ടെയ്ന്‍മെന്റ്  സോണ്‍ കടന്നിരിക്കണം. സാധനങ്ങള്‍ വാങ്ങാന്‍ ഏഴ് മുതല്‍ ഒരു മണിവരെ കടകള്‍ തുറക്കും. മെഡിക്കല്‍ ഷോപ്പ് പോലുള്ള അത്യാവശ സാധനങ്ങള്‍ ഒഴികെയുള്ള കടകള്‍ ഒരു  മണിക്ക് ശേഷം തുറക്കില്ല. 

എല്ലാ പൊതു ഇടങ്ങളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആംരംഭിച്ചുവെന്നും കളക്ടര്‍ വ്യക്തമാക്കി. 

കണ്ടെയ്ന്‍മെന്റ്  സോണുകളില്‍ ആരാധനാലയങ്ങള്‍ തുറക്കില്ല.  മരണം, വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെ മാത്രമെ അനുവദിക്കുകയുള്ളു. 

ജില്ലയില്‍ എവിടെയും കോവിഡ് ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും പ്രകടമായാല്‍ ഉടനെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.

ബന്ധപ്പെടേണ്ട നമ്പര്‍ 0483 2733 251,252,253, 1056,1077 

Content Highlight: Community spread threat; Malappuram district with strict action

Content Highlights: