ബ്രഹ്മപുരത്ത് ചെയ്യാവുന്നതെല്ലാം ചെയ്തു, സ്ഥലംമാറ്റം സ്വാഭാവികം -രേണു രാജ്

രേണു രാജ്‌
രേണു രാജ്‌

വയനാട്: ബ്രഹ്‌മപുരം വിഷയത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എല്ലാം ചെയ്തിരുന്നുവെന്ന് മുന്‍ എറണാകുളം കളക്ടര്‍ രേണു രാജ്. സ്ഥലംമാറ്റം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികമായി നടക്കുന്ന കാര്യം മാത്രമാണെന്നും രേണു രാജ് പറഞ്ഞു. വയനാട് കളക്ടറായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രേണു രാജിന്റെ പ്രതികരണം. 

കളക്ടര്‍ പദവയില്‍ ഇരുന്ന സമയത്ത് ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. പിന്നാലെ വന്ന പുതിയ കളക്ടറും കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെതായ പങ്കുവച്ചിട്ടുണ്ടെന്നും രേണു രാജ് പറഞ്ഞു. 

നിറഞ്ഞ മനസോടെയും സന്തോഷത്തോടെയുമാണ് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റതെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും രേണു രാജ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയും വ്യക്തമാക്കി. 

വയനാട് ജില്ലയുടെ 34-ാമത് കളക്ടറായി വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് രേണു രാജ് ചുമതലയേറ്റത്. എറണാകുളം കളക്ടറായിരുന്ന രേണു രാജിനെ ബ്രഹ്‌മപുരം മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ തീപ്പിടുത്ത വിവാദത്തിനിടെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നത്.

Content Highlights: collector renu raj comments in transfer order