CPM ഓഫീസ് നിർമാണത്തിൽ നിയമലംഘനം; 3 മാസംമുമ്പ് തഹസിൽദാർ ശുപാർശ ചെയ്തിട്ടും നടപടിയെടുക്കാതെ കളക്ടർ

#ജെയ്ന്‍ എസ്. രാജു / മാതൃഭൂമി
ശാന്തന്‍പാറയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണം
ശാന്തന്‍പാറയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിര്‍മാണം

ഇടുക്കി: ശാന്തൻപാറയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണത്തിൽ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാതെ ജില്ലാ കളക്ടർ. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്ന് ഡെപ്യൂട്ടി തഹസിൽദാർ ശുപാർശ ചെയ്ത് മൂന്ന് മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാൻ കളക്ടർ ഇതുവരെ തയ്യാറായിട്ടില്ല.

നിർമാണപ്രവർത്തനങ്ങൾക്ക് റെവന്യു വകുപ്പിന്റെ എൻ.ഒ.സി ആവശ്യമാണെന്ന് 2010-ലെ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാണ്. ഈ ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകാൻ ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ ശുപാർശ ചെയ്തത്. 

നിർമാണത്തിനെതിരെ രണ്ട് തവണ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. തുടർന്നും നിർമാണവുമായിട്ട് മുന്നോട്ടുപോയതോടെയാണ് സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിക്കെതിരെ നടപടിയുമായി മുന്നോട്ട് നീങ്ങാൻ ഡെപ്യൂട്ടി തഹസിൽദാർ ശുപാർശ ചെയ്തത്. മേയ് 22-നാണ് ശുപാർശ സമർപ്പിക്കുന്നത്. എന്നാൽ, മൂന്ന് മാസം പിന്നിട്ടിട്ടും വിഷയത്തിൽ നടപടിയൊന്നും ഉണ്ടായിട്ടില്ല.

രണ്ട് നടപടികളാണ് വിഷയവുമായി ബന്ധപ്പെട്ട് കളക്ടർക്ക് സ്വീകരിക്കാനാകുക. സ്റ്റോപ്പ് മെമോ നൽകിയത് ചൂണ്ടിക്കാട്ടി ഇത് ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി പോലീസിൽ പരാതി നൽകാം. ഇതിനുപുറമെ ഭൂമിയുടെ പട്ടയം റദ്ദാക്കുന്നതടക്കമുള്ള നടപടികളും കളക്ടർക്ക് സ്വീകരിക്കാനാകും.

Content Highlights: collector did not take action despite noticing the violation in the construction of CPM office