പരിസ്ഥിതിസംരക്ഷണത്തിന് വിപ്ലവ മാതൃക; പള്ളിപ്പുറം പള്ളിയിൽ മൃതദേഹം അടക്കാൻ ശവപ്പെട്ടി ഒഴിവാക്കി

ചേർത്തല പള്ളിപ്പുറം സെയ്‌ൻറ് മേരീസ് പള്ളിയിൽ മൃതദേഹം എത്തിക്കുന്നതിനായി തയ്യാറാക്കിയ രണ്ടു സ്റ്റീൽപ്പെട്ടികൾ
ചേർത്തല പള്ളിപ്പുറം സെയ്‌ൻറ് മേരീസ് പള്ളിയിൽ മൃതദേഹം എത്തിക്കുന്നതിനായി തയ്യാറാക്കിയ രണ്ടു സ്റ്റീൽപ്പെട്ടികൾ

പള്ളിപ്പുറം (ആലപ്പുഴ): പള്ളിപ്പുറം സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിൽ മൃതദേഹം തുണിക്കച്ചയിൽ പൊതിഞ്ഞു സംസ്കരിക്കുന്ന രീതി നിലവിൽവന്നു. ശവപ്പെട്ടി ഒഴിവാക്കി സംസ്കാരം നടത്താനാണു തീരുമാനം. ശവപ്പെട്ടിയിൽ മൃതദേഹം സംസ്കരിക്കുമ്പോൾ പ്ലാസ്റ്റിക് ആവരണം ഉള്ളതിനാൽ വർഷങ്ങൾക്കുശേഷവും മണ്ണിനോടു ചേർന്ന് അഴുകാത്ത സ്ഥിതിയുണ്ട്. പുതിയ രീതിപ്രകാരം മൃതദേഹം എത്തിക്കുന്നതിന് രണ്ടു സ്റ്റീൽപ്പെട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.

വീട്ടിലെയും പള്ളിയിലെയും സെമിത്തേരിയിലെയും പ്രാർഥനകൾക്കുശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് സംസ്കരിക്കും. സ്റ്റീൽപ്പെട്ടി തിരികെയെടുക്കും. ഇടവക ജനങ്ങളുടെ ഐകകണ്ഠ്യേനയുള്ള തീരുമാനപ്രകാരമാണ് തുണിക്കച്ചയിൽ അടക്കുന്നതിന് തുടക്കംകുറിച്ചിരിക്കുന്നതെന്ന് വികാരി ഡോ. പീറ്റർ കണ്ണമ്പുഴ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുക എന്ന മുഖ്യലക്ഷ്യത്തിനാണ് ഊന്നൽനൽകുന്നതെന്ന് പള്ളി അധികൃതർ അറിയിച്ചു.

മണ്ണിൽനിന്നു സൃഷ്ടിക്കപ്പെട്ട മനുഷ്യൻ മണ്ണിനോട് അലിഞ്ഞുചേരുന്നതിനു സഹായകമാകണം. മൃതസംസ്കാരം എന്ന ചിന്തയും ഇതിന് ആധാരമായിട്ടുണ്ട്. കൂടാതെ, സെമിത്തേരിയിൽ പ്ലാസ്റ്റിക് സംബന്ധമായ എല്ലാ വസ്തുക്കളുടെയും ഉപയോഗവും നിർത്തലാക്കിയിരിക്കുന്നതായും അറിയിച്ചു. പള്ളിപ്പുറം പാരിഷ് ഫാമിലി മരിയൻ മരണാനന്തര സഹായസംഘമാണ് മൃതദേഹം തുണിക്കച്ചയിൽ സംസ്കരിക്കുന്നതിനുള്ള നേതൃത്വവും സഹായങ്ങളും നൽകുന്നത്. കൈക്കാരന്മാരായ ബിജു മാത്യു പണിക്കശ്ശേരി, ജോസ്‌കുട്ടി ചാക്കോ കരിയിൽ, വൈസ് ചെയർമാൻ ഷിൽജി കുര്യൻ പാലയ്ക്കൽ, സംഘം സെക്രട്ടറി ജോയി ജോസഫ് പതിയാമൂല എന്നിവർ ഈ പുതിയ മാറ്റത്തിനു നേതൃത്വം നൽകുന്നു.

Content Highlights: Alappuzha Pallippuram St. Mary's Forane Church omits coffins from funerals