തെങ്ങ് മറിഞ്ഞുവരുന്നേ... ഉറക്കെ നിലവിളിച്ച് എല്ലാവരും ഓടി, പക്ഷെ... അപ്പോഴേക്കും വൈകി, ഇനി അവരില്ല

•തൊഴിലുറപ്പു ജോലിക്കിടയിൽ തെങ്ങ് കടപുഴകിവീണ് മരിച്ച എസ്.വസന്തയ്ക്കും പി.ചന്ദ്രികയ്ക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ കുന്നത്തുകാൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ എത്തിയ തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകളും നാട്ടുകാരും, കുന്നത്തുകാൽ ചാവടി വാർഡിലെ കൊന്നാനൂർകോണം തോട് വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളായ എസ്.വസന്തയും പി.ചന്ദ്രികയും തെങ്ങ് കടപുഴകിവീണ് മരിച്ച സ്ഥലം. ഇൻസൈറ്റിൽ എസ്. വസന്തയും പി. ചന്ദ്രികയും
•തൊഴിലുറപ്പു ജോലിക്കിടയിൽ തെങ്ങ് കടപുഴകിവീണ് മരിച്ച എസ്.വസന്തയ്ക്കും പി.ചന്ദ്രികയ്ക്കും ആദരാഞ്ജലികൾ അർപ്പിക്കാൻ കുന്നത്തുകാൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ എത്തിയ തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകളും നാട്ടുകാരും, കുന്നത്തുകാൽ ചാവടി വാർഡിലെ കൊന്നാനൂർകോണം തോട് വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളായ എസ്.വസന്തയും പി.ചന്ദ്രികയും തെങ്ങ് കടപുഴകിവീണ് മരിച്ച സ്ഥലം. ഇൻസൈറ്റിൽ എസ്. വസന്തയും പി. ചന്ദ്രികയും

വെള്ളറട (തിരുവനന്തപുരം): “തെങ്ങ് മറിഞ്ഞുവരുന്നേ എല്ലാവരും ഓടി മാറിക്കോ. ഉറക്കെ അലറിവിളിച്ചതിനെ തുടർന്ന് പലരും എണീറ്റോടി മാറിയെങ്കിലും വസന്തകുമാരിക്കും ചന്ദ്രികയ്ക്കും സാധിച്ചില്ല. രക്ഷിക്കണേയെന്ന് നിലവിളിച്ച അവരുടെ ദേഹത്തേക്ക്‌ പെട്ടെന്ന് തെങ്ങ് മറിഞ്ഞ് വീഴുകയായിരുന്നു. ഓടിപ്പോയവർ നിലവിളികേട്ട് തിരിച്ചെത്തി നോക്കിയപ്പോഴാണ് ഇരുവരേയും ദേഹത്ത് തെങ്ങിൻത്തടി പതിച്ച് അബോധാവസ്ഥയിൽ കണ്ടത്”. സംഭവസ്ഥലത്ത് കൂടെയുണ്ടായിരുന്ന രത്നമ്മയും സഹതൊഴിലാളികളും സങ്കടത്തോടെ പറഞ്ഞു.

ആഴ്ചകൾക്കുശേഷം നാലു ദിവസത്തിന് മുൻപാണ് കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിൽ ചാവടി വാർഡിലെ തൊഴിലുറപ്പ് പണികൾ ആരംഭിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ പണികൾ ആരംഭിച്ചെങ്കിലും പതിവുപോലെ 10 മണിയോടെ പണിസ്ഥലത്ത് എല്ലാവരും ഒരുമിച്ചിരുന്ന് നടപ്പാലത്തിലും തോടിന്റെ ബണ്ടിലും ഇരുന്ന് രാവിലത്തെ ഭക്ഷണം കഴിക്കാൻ തയ്യാറെടുക്കുകയായിരുന്നു. 48 തൊഴിലാളികൾ ഉണ്ടായിരുന്നു.

പെട്ടെന്നാണ് സമീപത്തെ പുരയിടത്തിൽ മരങ്ങൾക്കിടയിൽ നിന്നിരുന്ന ഉണങ്ങി ജീർണിച്ച 40 അടിയിലേറെ ഉയരമുള്ള തെങ്ങ് മറിഞ്ഞുവരുന്നത് തൊഴിലാളിയായ രത്നമ്മ കണ്ടത്. ‘‘ഓടി മാറിക്കോ തെങ്ങ് മറിയുന്നേ’’ യെന്ന്‌ അവർ ഉടനെ ഉറക്കെവിളിച്ചു പറഞ്ഞു. ഇതുകേട്ട് പലരും ഓടിമാറി. എന്നാൽ, വസന്തകുമാരിയും ചന്ദ്രികയും എഴുന്നേൽക്കുന്നതിനു മുൻപുതന്നെ തെങ്ങ് അവരുടെ ദേഹത്ത് പതിച്ചു. ബണ്ടിലിരുന്ന ചന്ദ്രികയുടെ തലയിലാണ് തെങ്ങിൻതടി വീണത്. പാലത്തിലിരുന്ന വസന്തകുമാരിയുടെ ദേഹത്തും നടപ്പാലത്തിലുമായിട്ടാണ് തെങ്ങ് പതിച്ചത്. നടപ്പാലം തകർന്നുവീണ് വസന്തകുമാരിയുടെ ശരീരം അതിൽ കുടുങ്ങി.

ഓടിമാറുന്നതിനിടയിൽ തെങ്ങിൻതടിയുടെ ഭാഗങ്ങൾ വീണ് സ്‌നേഹലത, ഉഷ എന്നീ തൊഴിലാളികൾക്കും പരിക്കേറ്റു. അപകടസ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ നിലവിളികേട്ട് സമീപത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഇടുങ്ങിയ വഴിയിലൂടെ കുറച്ചുദൂരം ചുമന്ന് നാലുപേരെയും വിവിധ ആംബുലൻസുകളിൽ കാരക്കോണം ആശുപത്രിയിലെത്തിച്ചെങ്കിലും വസന്തകുമാരിയും ചന്ദ്രികയും യാത്രാമധ്യേ തന്നെ മരിച്ചു.

കുന്നത്തുകാലിന് കണ്ണീരായി വസന്തകുമാരിയും ചന്ദ്രികയും

: തൊഴിലുറപ്പ് പണിക്കിടയിൽ ഉണങ്ങിയ തെങ്ങ്‌ വീണുള്ള അപകടത്തിൽ ജീവനെടുത്ത രണ്ട് വനിതാ തൊഴിലാളികളുടെ വിയോഗം കുന്നത്തുകാൽ ഗ്രാമനിവാസികളെ സങ്കടക്കയത്തിലാക്കി. കുന്നത്തുകാൽ ചെമ്മണ്ണുവിള ദർശനനിലയത്തിൽ ശ്രീകുമാറിന്റെ ഭാര്യ എസ്.വസന്തകുമാരി (68), കുന്നത്തുകാൽ തൊളിയറ കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ പി.ചന്ദ്രിക (64) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ മരിച്ച വസന്തകുമാരിയുടെയും ചന്ദ്രികയുടെയും മൃതദേഹങ്ങൾ കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തോഫീസിൽ പൊതുദർശനത്തിനു െവച്ചപ്പോൾ

പശുവളർത്തലും തുണിയലക്ക് പണിയുമൊക്കെ ചെയ്ത് വന്നിരുന്ന ഭർത്താവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ്‌ വസന്തകുമാരി തൊഴിലുറപ്പ്‌ ജോലിക്ക്‌ പോകുന്നത്‌. നിർമാണജോലികൾ ചെയ്തുവരുന്ന മകനും വസന്തകുമാരിക്ക്‌ തൊഴിലുറപ്പ് പണികളിൽ നിന്നും കിട്ടുന്ന കൂലിയുമാണ് കുടുംബത്തിന്റെ ആകെയുള്ള വരുമാനം.

ചന്ദ്രികയുടെ ഭർത്താവ് 36 വർഷത്തിന് മുൻപ്‌ മരിച്ചു. രണ്ടു മക്കൾ ഉൾപ്പെട്ട കുടുംബത്തിന്റെ മുഴുവൻ കാര്യങ്ങളും ചന്ദ്രികയുടെ ചുമലിലായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ആരംഭം മുതൽ അതിലെ തൊഴിലാളിയാണ് ചന്ദ്രിക.

കാരക്കോണം മെഡിക്കൽ കോളേജാശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ പോസ്റ്റ്മോർട്ടം നടത്താനായില്ല. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പരിശോധന നടത്തിയ മൃതദേഹങ്ങൾ വൈകീട്ട് 6.30-ഓടെ വിലാപയാത്രയായി കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തോഫീസ് അങ്കണത്തിൽ എത്തിച്ചു. അവിടെ പൊതുദർശനത്തിന് െവച്ചശേഷം ഇരുവരുടെയും വീടുകളിലെത്തിച്ച് ചടങ്ങുകൾക്ക് ശേഷം സംസ്‌കരിച്ചു.

സി.കെ.ഹരീന്ദ്രൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.താണുപിള്ള, ബെൻഡാർവിൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി, വൈസ് പ്രസിഡന്റ് ജി.കുമാർ തുടങ്ങിയവർ അന്ത്യമോപചാരം അർപ്പിക്കാനെത്തി.

10 ലക്ഷം രൂപ ധനസഹായം നൽകണം

: കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിലെ ചാവടി വാർഡിൽ തൊഴിലുറപ്പു പദ്ധതി പണിക്കിടയിൽ മരിച്ച കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സച്ചെലവും ഗ്രാമപ്പഞ്ചായത്ത് വഹിക്കണമെന്ന് ഗ്രാമപ്പഞ്ചായത്തംഗം ചെറിയകൊല്ല പ്രദീപ് ആവശ്യപ്പട്ടു. കൂടാതെ പഞ്ചായത്തുവക ആംബുലൻസിന്റെ തകരാറുകൾ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്.

അടിയന്തര ധനസഹായം നൽകും

വെള്ളറട: കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിൽ തൊഴിലുറപ്പുപദ്ധതി പണിക്കിെടയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ ധനസഹായം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സി.കെ.ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു . ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി യോഗം കൂടി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന്‌ രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാനുള്ള തീരുമാനമുണ്ടാക്കും. പിന്നീട് തൊഴിലുറപ്പുപദ്ധതി ഫണ്ടിൽനിന്നു തുകയെത്തുന്ന വേളയിൽ പഞ്ചായത്ത് ഫണ്ടിലേക്കു മാറ്റുമെന്ന്‌ പഞ്ചായത്ത് അധികൃതർ പറഞ്ഞു.

തെങ്ങ് കടപുഴകിവീണ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

: നെയ്യാറ്റിൻകര കുന്നത്തുകാലിൽ തൊഴിലുറപ്പുജോലിക്കെത്തിയ രണ്ട് സ്ത്രീകൾ തെങ്ങ് കടപുഴകിവീണ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കുന്നത്തുകാൽ ചെമ്മണ്ണുവിള ദർശനാനിലയത്തിൽ വസന്ത(69), തൊളിയറ കിഴക്കേക്കര പുത്തൻവീട്ടിൽ ചന്ദ്രിക(64) എന്നിവരാണ് മരിച്ചത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്‌നേഹലതയും ഉഷയും

ശനിയാഴ്ച കുന്നത്തുകാൽ പഞ്ചായത്തിലെ ചാവടി വാർഡിൽ കൊന്നാനൂർക്കോണം തോട് വൃത്തിയാക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. രാവിലെ പതിനൊന്നുമണിയോടെ പ്രഭാതഭക്ഷണം കഴിക്കാൻ തോടിന്റെ പാലത്തിലും പരിസരപ്രദേശത്തുമായി ഇരുന്ന തൊഴിലാളികൾക്കിടയിലേക്കു സമീപത്തുനിന്ന ഉണങ്ങിയ തെങ്ങ് വീഴുകയായിരുന്നു. നാൽപ്പത് അടിയിലേറെ ഉയരമുള്ള തെങ്ങ് പാലത്തിലിരിക്കുകയായിരുന്ന വസന്തയുടെയും ചന്ദ്രികയുടെയും തലയിലേക്കാണ് വീണത്.

വീഴ്ചയിൽ പാലം തകരുകയും വസന്ത തെങ്ങിന്റെയും പാലത്തിന്റെയും ഇടയിൽപ്പെടുകയും ചെയ്തു. മറ്റുള്ള തൊഴിലാളികൾ ബഹളം െവച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് വെള്ളറട പോലീസും പാറശ്ശാല അഗ്നിരക്ഷാസേനയുമെത്തി തൊഴിലാളികളെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വസന്തയുടെയും ചന്ദ്രികയുടെയും ജീവൻ രക്ഷിക്കാനായില്ല.

കുന്നത്തുകാൽ പെരുന്നറത്തല വീട്ടിൽ സ്‌നേഹലത(54), വള്ളൂർക്കോണത്ത് വീട്ടിൽ ഉഷ(60) എന്നിവർക്ക് പരിക്കേറ്റു. സ്ത്രീകളും പുരുഷൻമാരുമുൾപ്പെട്ട 48 തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടം സംഭവിച്ച സ്ഥലത്തിനു ചുറ്റും കൃഷിയിടങ്ങളാണ്. പ്രധാന റോഡിൽനിന്ന് ഇവിടെയെത്താൻ വീതികുറഞ്ഞ വഴിയിലൂടെ 300 മീറ്ററോളം സഞ്ചരിക്കണം. അപകടം സംഭവിച്ചവരെ ആശുപത്രിയിലെത്തിക്കാൻ ഇതും തടസ്സമായി.

കുന്നത്തുകാൽ പഞ്ചായത്ത് ഓഫീസിലെയും വീട്ടിലെയും പൊതുദർശനത്തിനുശേഷം വസന്തയുടെ മൃതദേഹം കുന്നത്തുകാൽ പഞ്ചായത്ത് ശ്മശാനത്തിലും ചന്ദ്രികയുടേത് വീട്ടുവളപ്പിലും സംസ്‌കരിച്ചു.

ശ്രീകുമാറാണ് വസന്തയുടെ ഭർത്താവ്. മക്കൾ: ദിനേശ്, ദർശന. മരുമക്കൾ: രാജേഷ്, രമ്യ. ചന്ദ്രികയുടെ ഭർത്താവ് പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: സന്ധ്യാചന്ദ്രൻ, സന്ദീപ് ചന്ദ്രൻ. മരുമക്കൾ: ഷാജികുമാർ, ശരണ്യ.

Content Highlights: Two Workers Killed as Coconut Tree Falls During Employment Guarantee Scheme Work in Kerala