കൊച്ചിയിൽ റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം മോഷണം പോയി, അന്വേഷണം ആരംഭിച്ച് പോർട്ട്

കൊച്ചി: കൊച്ചിൻ പോർട്ടിന്റെ കീഴിലുള്ള അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം മോഷണം പോയി. വല്ലാർപാടം നിലവിൽ വന്നതോടെ വർഷങ്ങളായി ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. വർഷങ്ങളായി ഉപയോഗിക്കാതിരുന്നതുകൊണ്ട് തന്നെ കാടുമൂടിയ നിലയിലായിരുന്നു ട്രാക്ക്. സംഭവത്തിൽ പോർട്ട് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് റെയിൽവേ പാളം മോഷണം പോയതായി അധികൃതർ തിരിച്ചറിഞ്ഞത്. ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്‌ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണു മോഷണം പോയിരിക്കുന്നത്. ടാറ്റാ ടെറ്റ്‌ലിയുടെ മുന്നിലൂടെ ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനു മുന്നിലെത്തുന്ന റോഡിനു കുറുകെ കടന്നു പോയിരുന്നതാണ് ഈ റെയിൽവേ ലൈൻ. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇവിടെ കാവലുണ്ടെന്നിരിക്കെയാണ് വലിയ ലോഹപാളങ്ങൾ മോഷണം പോയിരിക്കുന്നത്.
പുറത്തു നിന്ന് അനുവാദമില്ലാതെ ആർക്കും കടക്കാൻ കഴിയാത്ത മേഖലയിൽ നിന്നുണ്ടായ ഇത്രയും വലിയ മോഷണം ദുരൂഹത നിറയുന്നു. അതീവ സുരക്ഷാമേഖലയായ പ്രദേശത്ത് നിന്ന് എത്തരത്തിലാണ് അര കിലോമീറ്ററോളം ദൂരം വരുന്ന ട്രാക്ക് മോഷണം പോയതെന്ന വിവരം അന്വേഷിക്കുകയാണ്.
Content Highlights: Half a kilometer of railway track stolen from Cochin Port's high-security Willingdon Island.