1500 ഏക്കറിൽ വിവിധപദ്ധതികൾ; 25 വർഷത്തെ വികസനം ലക്ഷ്യമിട്ട് സിയാൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു

#ന്യൂസ് ഡെസ്ക്

നെടുമ്പാശ്ശേരി: അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ഇതിനായി കൺസൾട്ടൻസിയെ നിയോഗിച്ചു. സിയാലിന്റെ കൈവശമുള്ള 1500 ഏക്കർ ഭൂമിയിൽ നടപ്പാക്കാൻ കഴിയുന്ന വികസന പദ്ധതികൾ തയ്യാറാക്കുന്നതിനായി ജേക്കബ്‌സ് സൊല്യൂഷൻസ് എന്ന കമ്പനിയെയാണ് നിയോഗിച്ചിരിക്കുന്നത്. 6.64 കോടി രൂപയുടേതാണ് കരാർ.

അടിസ്ഥാന സൗകര്യവികസനത്തിനാണ് ഊന്നൽ നൽകുക. രണ്ടാം റൺവേ, ടാക്‌സി വേ, വ്യോമഭാഗത്തെ അനുബന്ധ വികസന പ്രവർത്തനങ്ങൾ, യാത്രാ ടെർമിനലുകളുടെ വിപുലീകരണം, കാർഗോ കോംപ്ലക്സ് വികസനം, വിമാനത്താവളത്തിലേക്കുള്ള മൾട്ടി മോഡൽ കണക്ടിവിറ്റി, വിമാനത്താവളത്തിന്റെ ഭാവിയിലെ വികസനത്തിനുള്ള ഭൂമി ആവശ്യകത, 25 വർഷത്തെ വ്യോമയാന വികസന സാധ്യതകൾ, പദ്ധതികളുടെ പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനം തുടങ്ങിയവ മാസ്റ്റർ പ്ലാനിന്റെ ഭാഗമാകും.

വിമാനത്താവളം പ്രവർത്തനം തുടങ്ങി 25 വർഷം പിന്നിട്ടപ്പോൾ യാത്രക്കാരുടെ എണ്ണം 1.14 കോടിയായി വർധിച്ചിരുന്നു. വിമാന സർവീസുകളുടെ എണ്ണം 73,134 ആയി. അടുത്ത കാൽ നൂറ്റാണ്ടിൽ ഉണ്ടാകാവുന്ന യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിലെ വർധന പരിഗണിച്ച് വികസനതന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് ഏജൻസിയുടെ പ്രധാന ചുമതല.

ഇവർ പഠനം ആരംഭിച്ചു. 10 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഏജൻസി സമർപ്പിക്കുന്ന റിപ്പോർട്ട് സിയാൽ ഡയറക്ടർ ബോർഡ് പരിശോധിച്ചശേഷം തുടർനടപടികൾ കൈക്കൊള്ളും.

Content Highlights: Kochi International Airport Company is developing a detailed master plan for the next 25 years, appointing Jacobs Solutions for consultancy with a contract worth 6.64 crore INR. The plan focuses on infrastructure development, including a second runway, taxiway, terminal expansion, cargo complex, multi-modal connectivity, and environmental and social impact studies. With passenger numbers reaching 1.14 crore and 73,134 flight services, the agency's main task is to strategize for future growth, with a report due in 10 months for board review.