അഴിമതിക്കും ക്രമക്കേടിനും കാരണം വകുപ്പിലെ പോരായ്മ; സഹകരണ വകുപ്പ് പൊളിച്ചുപണിയാൻ ശുപാർശ

#ബിജു പരവത്ത്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം:സഹകരണസംഘങ്ങളിലെ ക്രമക്കേടിനും അഴിമതിക്കും വകുപ്പിലെ പോരായ്മ കാരണമാകുന്നെന്ന് പൊതുഭരണവകുപ്പിന്റെ റിപ്പോർട്ട്. സഹകരണവകുപ്പ് അടിമുടി പുനഃസംഘടിപ്പിക്കണം. സ്വന്തക്കാരെ നിയോഗിച്ച് ഓഡിറ്റ് നടത്തുന്ന രീതി ഓഡിറ്റിങ്ങിന്റെ അടിസ്ഥാനതത്ത്വംപോലും ലംഘിക്കുന്നതാണ്. ഇത് കള്ളത്തരത്തിന് കൂട്ടുനിൽക്കുന്നതിന് കാരണമാകും.

437 ഓഡിറ്റർമാരാണ് സഹകരണവകുപ്പിൽ അംഗീകൃത തസ്തികയിലുള്ളത്. എന്നാൽ, സഹകരണസ്ഥാപനങ്ങളിൽനിന്ന് പണം വാങ്ങി 1550 പേരെയാണ് അധികമായി നിയമിച്ചിട്ടുള്ളത്. പണം കൊടുക്കുന്ന സ്ഥാപനത്തിലെ വീഴ്ചകൾ റിപ്പോർട്ട് ചെയ്യാൻ ഇവർക്ക് മടിയുണ്ടാകും. ഇങ്ങനെ നിയമിച്ചവരടക്കം 1555 പേരാണ് സഹകരണവകുപ്പിലുള്ളത്.

ഇതിൽ 1141 പേരുടെ ജോലിയേ വകുപ്പിലുള്ളൂ. അതിനാൽ, അടിയന്തരമായി വകുപ്പ് പുനഃസംഘടന വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് നടത്തിയ പഠനത്തിന്റെ കണ്ടെത്തൽ. ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയാൽ അക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കണം. സഹകരണ ഓഡിറ്റ് വിഭാഗത്തെ സംസ്ഥാന ഓഡിറ്റ് വകുപ്പുപോലെ സ്വതന്ത്രമാക്കണമെന്നാണ് മറ്റൊരു ശുപാർശ. ഓഡിറ്റിന് വിധേയമാകുന്ന സ്ഥാപനം പണം നൽകി അവർക്കിഷ്ടമുള്ളവരെ ഓഡിറ്റിന് നിയോഗിക്കുന്ന രീതി വേണ്ടാ.

എസ്എസ്എൽസി യോഗ്യത ബിരുദവും സഹകരണ പരിശീലനവുമാക്കി പരിഷ്‌കരിക്കണം. എസ്എസ്എൽസി യോഗ്യതയിൽ ഗ്രാമവികസന വകുപ്പിൽ വിഇഒ ആയി കയറുന്നവർക്ക് സഹകരണവകുപ്പിൽ ഓഡിറ്റർ-ഇൻസ്‌പെക്ടർ തസ്തികയിലേക്ക് മാറ്റം അനുവദിക്കുന്നുണ്ട്. ഇത് അടിയന്തരമായി നിർത്തണമെന്നും ശുപാർശയുണ്ട്.

വേണം മിന്നൽ പരിശോധന

• ഇപ്പോൾ നടപ്പാക്കിയ ടീം ഓഡിറ്റിങ്ങിന്റെ മാതൃകയിൽ പരിശോധനയ്ക്കും ടീം ഇൻസ്പെക്ഷൻ വിഭാഗം രൂപവത്കരിക്കണം. താലൂക്ക്-ജില്ല-സംസ്ഥാന തലങ്ങളിൽ പരിശോധനാവിഭാഗം വേണം

• ജില്ലാതലത്തിൽ ഡെപ്യൂട്ടി രജിസ്ട്രാറുടെ നേതൃത്വത്തിൽ രണ്ട് ഇൻസ്‌പെക്ടർമാർ അടങ്ങുന്ന ഒരു ടീം. ആകസ്മിക പരിശോധനയും രണ്ടു സംഘങ്ങളിലെങ്കിലും ഓരോ മാസവും പരിശോധനയും നടത്തണം

• സംസ്ഥാനതലത്തിൽ അഡീഷണൽ രജിസ്ട്രാറുടെ നേതൃത്വത്തിൽ രണ്ട് ഡെപ്യൂട്ടി രജിസ്ട്രാറും രണ്ട് ഇൻസ്‌പെക്ടർമാരും അടങ്ങുന്ന ഒരു ടീം

Content Highlights: Report reveals flaws in Co-operative Department leading to corruption. Urgent restructuring and independent audit proposed to ensure transparency.