15 ല്‍ 14 സീറ്റ്; കാൽനൂറ്റാണ്ടിനു ശേഷം കോട്ടയം സിഎംഎസ് കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്‌യു

കോട്ടയം: സിഎംഎസ് കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് കെ.എസ്.യു. ആകെയുള്ള 15 ല്‍ 14 സീറ്റിലും കെ.എസ്.യു സ്ഥാനാര്‍ഥികള്‍ ജയിച്ചു. എസ്എഫ്‌ഐക്ക് ലഭിച്ചത് ഫസ്റ്റ് ഡി.സി പ്രതിനിധി സീറ്റ് മാത്രം. 28 വര്‍ഷത്തിനു ശേഷമാണ് സിഎംഎസ് കോളേജില്‍ യൂണിയന്‍ കെ.എസ്.യുവിന് ലഭിക്കുന്നത്. കെഎസ്‌യു വിലെ ഫഹദ് സി ആകും യൂണിയന്‍ ചെയര്‍മാന്‍.
യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി അലന്‍ ബിജുവും ജോണ്‍ കെ. ജോസും തിരഞ്ഞെടുക്കപ്പെട്ടു.ടി.എസ് സൗപര്‍ണിക ആര്‍ട്‌സ് ക്‌ളബ് സെക്രട്ടറിയായും മാഗസിന്‍ എഡിറ്ററാ യി മജു ബാബുവും ഉള്‍പ്പെടുന്ന 15 അംഗ യൂണിയന്‍ അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുപ്പിനു ശേഷം നടന്ന വോട്ടെണ്ണലിനിടെ എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഫലപ്രഖ്യാപനം മാറ്റി വച്ചിരുന്നു. വൈകിട്ട് നാലര മുതല്‍ തുടങ്ങിയ സംഘര്ഷത്തിനും അക്രമത്തിനും ഒടുവില്‍ പത്ത് മണിയോടെയാണ് വിദ്യാര്‍ഥികള്‍പിരിഞ്ഞത്. തുടര്‍ന്ന് ഇന്നു രാവിലെയാണ് ഫലപ്രഖ്യാപനം നടത്തിയത്.
കോളേജ് വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. വോട്ടെണ്ണലിലെ ക്രമക്കേടിനെ ചൊല്ലി വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിലേക്ക് പോയതോടെ പോലീസെത്തി ഫലപ്രഖ്യാപനം മാറ്റിവയ്പിച്ചു.
മൂന്നു പതിറ്റാണ്ടിലേറെയായി യൂണിയന്‍ ഭരണം എസ്എഫ്‌ഐയുടെ കൈവശമായിരുന്നു. വോട്ടെണ്ണലില്‍ ക്ലാസ് പ്രതിനിധികളുടെ എണ്ണത്തില്‍ കെ.എസ്.യുവിന് വലിയ മേല്‍ക്കൈ ലഭിച്ചിരുന്നു. ക്ലാസ് പ്രതിനിധികളാണ് ജനറല്‍ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത്. ക്ലാസ് പ്രതിനിധികളുടെ എണ്ണത്തില്‍ മേധാവിത്വം കിട്ടിയപ്പോള്‍ തന്നെ യൂണിയന്‍ ഭരണം കെ.എസ്.യുവിന് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനെ തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ വിജയാഹ്ലാദ പ്രകടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു.
ഇതിനിടെ മാനേജിമെന്‍റിന്‍റെ സഹായത്തോടെ അട്ടിമറി നടത്തിയാണ് കെ.എസ്.യുവിന് ക്ലാസ് പ്രതിനിധികളില്‍ മേല്‍ക്കൈ ലഭിച്ചതെന്നാരോപിച്ച് എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.
Content Highlights: KSU Wins CMS College Union After 37 Years