വീണയുടെ പേരിലുള്ള കേസ്; സിപിഎം നേതാക്കള്‍ രണ്ടുതട്ടില്‍

മധുര: സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ പ്രതിയാക്കിയതിൽ സിപിഎം നേതാക്കളിൽ ഭിന്നസ്വരം. പൊളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ടും കേരളനേതാക്കളും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, കേസ് ആർക്കെതിരേയാണോ അവരാണ് നേരിടേണ്ടത്, അല്ലാതെ പാർട്ടിക്ക് അതിൽ കാര്യമില്ലെന്നായിരുന്നു പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന്റെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ, സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് സേവനം നൽകാതെ 2.70 കോടിരൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒയുടെ കുറ്റപത്രം. കേസിൽ രാഷ്ട്രീയഗൂഢാലോചന ആരോപിച്ച് തുടക്കത്തിലേ കേരളഘടകം പ്രതിരോധം തീർത്തതാണ്.
വ്യാഴാഴ്ച കുറ്റപത്രം സമർപ്പിക്കപ്പെട്ടശേഷവും ഈ നിലപാടുതന്നെയാണ് നേതാക്കൾ ആവർത്തിച്ചതും. ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ പാർട്ടികോൺഗ്രസ് വേദിയിൽത്തന്നെ പാർട്ടിയെ മാറ്റിനിർത്തിയും വീണയെ പ്രതിരോധിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് വ്യക്തമാക്കിയും പൊളിറ്റ് ബ്യൂറോ അംഗംതന്നെ പത്രസമ്മേളനത്തിൽ പ്രതികരിച്ചത്. ഇതിനുശേഷം വിഷയത്തിൽ മറ്റുനേതാക്കളാരും പ്രതികരിച്ചിട്ടുമില്ല.
കേരളത്തിന്റെ വികസനനയം ഒരു മാതൃകയായി സിപിഎം ഏറ്റെടുക്കണമെന്നും അതിന് ദേശീയതലത്തിൽ പാർട്ടി പ്രചാരണം നൽകണമെന്നുമുള്ള പ്രമേയം പാർട്ടികോൺഗ്രസിൽ അവതരിപ്പിച്ചത് മുഹമ്മദ് സലീമാണ്. പ്രമേയവും വീണയുടെ കേസും തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും കുടുംബത്തിനും എതിരേ കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുകയാണെന്ന് പാർട്ടി നേരത്തേ വ്യക്തമാക്കിയതാണ്. എസ്എഫ്ഐഒയുടെ കേസിൽ പാർട്ടിക്ക് ഒന്നുംസംഭവിക്കാനില്ല. എന്തെങ്കിലും നിയമപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്, ബന്ധപ്പെട്ട കക്ഷികളാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: cmrl exalogic sfio case veena vijayan cpm leaders response