എഫ്.ഐ.ആർ. പിണറായിക്കെതിരേ, കലഹം കോൺഗ്രസിൽ

#പ്രത്യേക ലേഖകൻ
പിണറായി വിജയൻ | Photo: Mathrubhumi
പിണറായി വിജയൻ | Photo: Mathrubhumi

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ എഫ്.ഐ.ആർ. ഇടുന്നത് സംബന്ധിച്ച വിവാദത്തിന്റെ കനൽ കോൺഗ്രസിൽ കെടുന്നില്ല. നിയമസഭാകക്ഷി യോഗം ചേർന്ന് സർക്കാർ നിലപാടിനെ പിന്തുണച്ചെങ്കിലും വിവാദക്കനൽ ഊതിക്കത്തിച്ചുനിർത്താനുള്ള ശ്രമമാണ് നടക്കുന്നത്.

സി.ആർ. മഹേഷ് എം.എൽ.എ. ഗോഡ് ഫാദർ സിനിമയിലെ ‘പഴയതെല്ലാം മറക്കണോ’ എന്ന ഡയലോഗ് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. കോൺഗ്രസ് പാനലിസ്റ്റ് ജിന്റൊ ജോൺ ആകട്ടെ ഉമ്മൻചാണ്ടി, വി.ഡി. സതീശൻ, കെ. സുധാകരൻ തുടങ്ങിയവരെ മുൻസർക്കാർ വേട്ടയാടിയത് ഓർമ്മിപ്പിച്ച് രംഗത്തെത്തി.

ഇ.ഡി. റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പിണറായിക്കെതിരേ കേസെടുക്കണമായിരുന്നുവെന്ന് പറഞ്ഞ് മാത്യു കുഴൽനാടൻ എം.എൽ.എ.യാണ് സർക്കാർ നിലപാടിനെ ആദ്യം ചോദ്യംചെയ്തത്. റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താൻ പ്രത്യേകസംഘത്തെ നിയോഗിച്ചത് ഹൈക്കോടതി റദ്ദാക്കുകയും എഫ്.ഐ.ആറിന് നിർദേശിച്ചതും സർക്കാരെടുത്ത നിലപാട് ശരിയായില്ലെന്നതിന്റെ തെളിവായി ഇവർ ചൂണ്ടിക്കാട്ടുന്നു.

തിടുക്കപ്പെടാതെ, അന്വേഷണം നടത്തി ബോധ്യമാകുന്നതിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്താൽ മതിയെന്നായിരുന്നു സർക്കാർ നിലപാട്. മോദി-ഇ.ഡി.-വി.ഡി. എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസിനെതിരേ പ്രതിപക്ഷം പ്രചാരണം കടുപ്പിക്കുമ്പോൾ ഇ.ഡി. റിപ്പോർട്ട് വെള്ളംതൊടാതെ വിഴുങ്ങുന്നത് ഈ പ്രചാരണത്തിന് ആക്കംകൂട്ടുമെന്നാണ് മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവർ നിയമസഭാകക്ഷി യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. വികാരപരമായല്ല, വിവേകത്തോടെയാണ് സർക്കാർ നടപടി സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കി. നിയമോപദേശവും ഇത്തരത്തിലാണെന്ന് ചൂണ്ടിക്കാട്ടി.

അന്വേഷണസംവിധാനമെന്നനിലയിൽ ഇ.ഡി. ശ്രദ്ധയിൽപ്പെടുത്തുന്ന കാര്യം അന്വേഷിക്കേണ്ടതാണെന്നതാണ് സർക്കാർ സമീപനമെന്ന് മന്ത്രി കെ. മുരളീധരൻ പരസ്യമായി വിശദീകരിച്ചു. ഇ.ഡി.യുടെ രാഷ്ട്രീയത്തിനെതിരേ ശബ്ദമുയർത്തുമ്പോൾത്തന്നെ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പലപ്രാവശ്യം ഹാജരായത് അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Congress party faces internal rift over government stance on the CMRL-Exalogic case