CMRL കേസിൽ പിണറായി വിജയനാണ് യഥാർഥ പ്രതി; വീണ ഇടനിലക്കാരി – ഷോൺ ജോർജ്

#ന്യൂസ് ഡെസ്ക്ക്
ഷോണ്‍ ജോര്‍ജ് | photo: jaiwin xavier
ഷോണ്‍ ജോര്‍ജ് | photo: jaiwin xavier

കോട്ടയം: സി.എം.ആർ.എൽ. എക്‌സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാർഥ പ്രതിയെന്ന് ബി.ജെ.പി. നേതാവ് ഷോൺ ജോർജ്. മകൾ വീണ ഇതിലൊരു ഇടനിലക്കാരി മാത്രമാണ്. നിയമവ്യവസ്ഥയെ സ്വാധീനങ്ങൾ കൊണ്ട് താമസിപ്പിക്കാൻ കഴിഞ്ഞേക്കാമെങ്കിലും വിലയ്‌ക്കെടുക്കാൻ കഴിയില്ലെന്ന് കോടതി നടപടികൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി.എം.ആർ.എലിൽനിന്ന് വീണയുടെ കമ്പനി 2.78 കോടി രൂപ കൈപ്പറ്റിയത് ഒരു സേവനവും നൽകാതെയാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. പിണറായി വിജയന്റെ മകൾ എന്ന നിലയിലല്ലാതെ മറ്റാരായും ഈ പണം വീണയ്ക്ക് നൽകേണ്ട സാഹചര്യം കമ്പനിക്കില്ല. അതിനാൽ ഈ പണം യഥാർഥത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ളതാണെന്നും, അഴിമതിക്കും വഴിവിട്ട സഹായങ്ങൾക്കും വേണ്ടിയുള്ള പ്രതിഫലമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സർക്കാരിന് ജി.എസ്.ടി. തട്ടിപ്പിന് വീണയ്ക്കെതിരേ കേസെടുക്കാമെങ്കിലും അവർ അതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ബന്ധുക്കൾ സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളുമായി ബിസിനസ് ഇടപാടുകൾ നടത്താൻ പാടില്ലെന്ന സർക്കാർ ഉത്തരവും കമ്യൂണിസ്റ്റ് പാർട്ടിയുടെ തന്നെ ആഭ്യന്തര ചട്ടങ്ങളും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഷോൺ ജോർജ് പറഞ്ഞു.

Content Highlights: Shaun George claims Pinarayi Vijayan is the primary accused in the CMRL Exalogic case., Veena Vijayan allegedly received 2.86 crore rupees without providing services.