'പിണറായിക്കും പാർട്ടിക്കുമെതിരേ കള്ളക്കഥകൾ മുൻപും വന്നിട്ടുണ്ട്'; ഇഡിയുടെ നീക്കത്തിൽ ലഘുലേഖയിറക്കി ജനങ്ങളോട് വിശദീകരിക്കാൻ CPM

തിരുവനന്തപുരം:സി.എം.ആർ.എൽ. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നീക്കത്തിൽ ലഘുലേഖയിറക്കി ജനങ്ങളോട് വിശദീകരിക്കാൻ സി.പി.എം. ഇ.ഡി. സി.പി.എമ്മിനെതിരേ വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ്. പിണറായി വിജയനും സി.പി.എമ്മിനുമെതിരേ ഇത്തരത്തിൽ ഒട്ടേറെ കള്ളക്കഥകൾ നേരെത്തെയും വന്നിട്ടുണ്ടെന്നും ലഘുലേഖയിൽ പറയുന്നു.
വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം തിരുത്തലിന്റെ പാതയിലാണ് സി.പി.എം. സംഘടനാപരമായി പാർട്ടി ജനങ്ങളിൽനിന്ന് അകന്നുവെന്ന വിലയിരുത്തലുമുണ്ട്. അതിനാൽതന്നെ ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങേണ്ടതുണ്ട്. ജനങ്ങൾക്ക് പാർട്ടിയെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. അത് തിരുത്തണം. അതാണ് ഇപ്പോഴത്തെ ലക്ഷ്യം. സി.പി.എമ്മിനെ നിലവിൽ പ്രതിരോധത്തിലാക്കുന്നത് സി.എം.ആർ.എൽ. വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ഇ.ഡി. കേസ് ആണ്. അതിനാലാണ് വിഷയത്തിൽ ലഘുലേഖയുമായി ജനങ്ങളിലേക്ക് ഇറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
താഴേത്തട്ടിൽ ലഘുലേഖകൾ വിതരണം ചെയ്യാനാണ് തീരുമാനം. ‘ഇ.ഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണ്. സി.എം.ആർ.എൽ. കേസിൽ ഒന്നും കിട്ടാതായപ്പോഴാണ് പി.എ. മുഹമ്മദ് റിയാസിലേക്ക് നീങ്ങിയത്. സി.എം.ആർ.എൽ. കേസിൽ പിണറായി വഴിവിട്ടൊന്നും ചെയ്തിട്ടില്ല.’- തുടങ്ങിയ കാര്യങ്ങളാണ് ലഘുലേഖയിലുള്ളത്.
Content Highlights: The CPM has released a pamphlet to explain its stance to the public regarding the Enforcement Directorate's (ED) actions in the CMRL case, which they claim is politically motivated.