ഫയലുകൾ തീർപ്പാക്കാൻ 'ജനസ്പർശം' പ്രഖ്യാപിച്ച് മുഖ്യമന്ത്രി; നൂറുദിന കർമപദ്ധതിയിലെ 568 പദ്ധതികൾ പൂർത്തിയായെന്ന് അവകാശവാദം

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: പിടിഐ
മുഖ്യമന്ത്രി വി.ഡി. സതീശൻ | ചിത്രം: പിടിഐ

തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണം പൂർണ്ണമായി നടപ്പാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതികളുടെ 96.5 ശതമാനവും പൂർത്തീകരിക്കാൻ കഴിഞ്ഞു. കൂടാതെ 20 പദ്ധതികൾ 90 ശതമാനത്തിന് മുകളിലും പൂർത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വിവിധ വകുപ്പുകളുടെ പദ്ധതി പൂർത്തീകരണത്തിൽ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക വകുപ്പാണ് മുന്നിൽ നിൽക്കുന്നത്. 99 ശതമാനം പുരോഗതി കൈവരിച്ച ഈ വകുപ്പിൽ 42 പദ്ധതികളിൽ 39 എണ്ണവും പൂർത്തിയാക്കിയെന്നും മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് 30-ൽ 29 പദ്ധതികൾ, തദ്ദേശ സ്വയംഭരണവകുപ്പ് 20-ൽ 19 പദ്ധതികൾ, ആയുഷ് വകുപ്പ് 11-ൽ 10 പദ്ധതികൾ, ജലവിഭവ വകുപ്പ് 23-ൽ 21 പദ്ധതികൾ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 32-ൽ 26 പദ്ധതികൾ, ആഭ്യന്തര വകുപ്പ് 34-ൽ 29 പദ്ധതികൾ, സാമൂഹ്യനീതി വകുപ്പ് 6-ൽ 5 പദ്ധതികൾ എന്നിങ്ങനെയാണ് വിവിധ വകുപ്പുകൾ പൂർത്തീകരിച്ച പദ്ധതികളുടെ കണക്ക്. ഫയർഫോഴ്‌സിന് ഫിൻലൻഡിൽ നിന്നുള്ള ഉപകരണങ്ങൾ ലഭിക്കാനുള്ള കാലതാമസമാണ് ആഭ്യന്തര വകുപ്പിലെ ചില പദ്ധതികൾ വൈകാൻ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: 'രണ്ട് കൈയും കൂട്ടിയിടിച്ചാലേ ശബ്ദമുണ്ടാകൂ, അടൂർ പ്രകാശിന്റെ വിമർശനത്തിന് മറുപടിയില്ല, എന്നെ ആർക്കും വിമർശിക്കാം’

പദ്ധതികളുടെ കൃത്യമായ പുരോഗതി ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രണ്ടു തവണയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാലു തവണയും റിവ്യൂ യോഗങ്ങൾ ചേർന്നു. മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ 25 ദിവസം കൂടുമ്പോഴും പരിശോധനകൾ നടന്നു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പദ്ധതി പുരോഗതി ജനങ്ങൾക്കും മാധ്യമങ്ങൾക്കും നിരീക്ഷിക്കാൻ പബ്ലിക് പോർട്ടൽ ഏർപ്പെടുത്തി. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് പോർട്ടൽ തയ്യാറാക്കിയത്. വകുപ്പ് മേധാവി, സെക്രട്ടറി, മന്ത്രി എന്നിവരുടെ അനുമതിയോടെ മാത്രമേ പദ്ധതി പൂർത്തിയായതായി പോർട്ടലിൽ രേഖപ്പെടുത്താൻ സാധിക്കൂ. പൂർത്തിയായ പദ്ധതികൾ പച്ച, തുടങ്ങാത്തവ ചുവപ്പ്, പുരോഗതിയിലുള്ളവ ഓറഞ്ച് എന്നീ നിറങ്ങളിലാണ് പോർട്ടലിൽ രേഖപ്പെടുത്തുക. ഡാറ്റാ ഡ്രിവൻ ഗവേർണൻസിന്റെ ഭാഗമായാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നൂറുദിന കർമപദ്ധതിക്ക് ശേഷം അടുത്ത മിഷനായി 'ജനസ്പർശം' എന്ന പേരിൽ ഫയൽ അദാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഈ മാസം 15-ന് ആരംഭിച്ച് ഡിസംബർ 31 വരെ രണ്ടര മാസക്കാലമാണ് അദാലത്ത് നടക്കുക. നിലവിൽ ഏകദേശം 2,86,000 ഇ-ഫയലുകളും നിരവധി ഫിസിക്കൽ ഫയലുകളും കെട്ടിക്കിടക്കുന്നുണ്ട്. ഫയലുകൾ വഴിപാട് പോലെ തീർപ്പാക്കാതെ, കെട്ടിക്കിടക്കാൻ ഇടയായ കാരണം പഠിക്കാനും ഭാവിയിലെ കാലതാമസം ഒഴിവാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള നയങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ അണ്ടർ സെക്രട്ടറി തലത്തിൽ തന്നെ തീർപ്പാക്കാവുന്ന ഫയലുകൾ മുകളിലേക്ക് അയക്കാതിരിക്കാനുള്ള നിർദേശങ്ങളും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

Also Read: 'എസ്‌ഐആറിൽ കേരളത്തിൽ ആർക്കും വോട്ട് നഷ്ടമായിട്ടില്ല'; സിജെപി ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി

നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കണ്ടെത്താനും പിന്തുടരാനുമായി മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളിൽ പുതിയ ഡാഷ്‌ബോർഡ് രൂപീകരിച്ചു വരികയാണ്. പദ്ധതികളുടെ ഭാഗമായി പിന്നോക്ക വിഭാഗങ്ങളിലെ 1,70,000 ആളുകൾക്ക് സഹായം ലഭ്യമാക്കുന്ന പ്രവർത്തനങ്ങളും നടപ്പാക്കിയിട്ടുണ്ട്.

അദാലത്തിന്റെ ഭാഗമായി ഇതുവരെ 180 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് ജനങ്ങൾക്ക് വിതരണം ചെയ്തത്. ഇതിനു പുറമെ വിഴിഞ്ഞത്ത് 510 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. 2012-14 കാലയളവിൽ തീരുമാനിച്ച പുതിയ ഫിഷിങ് ഹാർബറിനായി 260 കോടി രൂപ അനുവദിച്ചു. നിലവിലുള്ള ഫിഷിങ് ഹാർബർ പുനരുദ്ധരിക്കുന്നതിനായി 90 കോടി രൂപ വിനിയോഗിക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി പുലിമുട്ട് നിർമിക്കാൻ 125 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

പുലിമുട്ട് നിർമാണം കാരണം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വന്നതോടെയുണ്ടായ അധിക മണ്ണെണ്ണച്ചെലവിന് നഷ്ടപരിഹാരം ലഭ്യമാക്കി. 2,000 മത്സ്യത്തൊഴിലാളികൾക്കായി 35 കോടി രൂപയാണ് ഇതിനോടകം വിതരണം ചെയ്തത്. ചില മത്സ്യത്തൊഴിലാളികൾക്ക് 4.85 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. മറ്റു ചിലർക്ക് ആവശ്യാനുസരണം ഒരുലക്ഷം, ഒന്നരലക്ഷം, രണ്ടുലക്ഷം, രണ്ടരലക്ഷം രൂപ വീതവും വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളെ സർക്കാർ പൂർണമായും സംരക്ഷിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Kerala Chief Minister V.D. Satheesan announced the 'Janasparsham' file adalat to clear over 2.86 lakh pending files, highlighting that 568 out of 588 projects in the 100-day action plan have been completed.