'രണ്ട് കൈയും കൂട്ടിയിടിച്ചാലേ ശബ്ദമുണ്ടാകൂ, അടൂർ പ്രകാശിന്റെ വിമർശനത്തിന് മറുപടിയില്ല, എന്നെ ആർക്കും വിമർശിക്കാം'

തിരുവനന്തപുരം: തനിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് കൈയും കൂട്ടിയിടിച്ചാലേ ശബ്ദമുണ്ടാകൂ. അതുകൊണ്ട് താൻ മറുപടി പറയുന്നില്ല. മുഖ്യമന്ത്രി എന്ന നിലയിൽ പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിക്കുന്നത്. താൻ വിമർശനത്തിന് അതീതനല്ല. തെറ്റ് ചൂണ്ടിക്കാട്ടിയാൽ തിരുത്തും. തെറ്റല്ലെങ്കിൽ അത് ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
'നയപരമായ എല്ലാ കാര്യങ്ങളും പാർട്ടിയുമായി ആലോചിക്കും. കെപിസിസി പ്രസിഡന്റ്, രണ്ട് മുൻ പ്രസിഡന്റുമാർ, വർക്കിങ് കമ്മിറ്റി അംഗമുണ്ട്, രണ്ട് വർക്കിങ് പ്രസിഡന്റുമാരുണ്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നിവർ മന്ത്രിസഭയിൽ ഉണ്ട്. യുഡിഎഫ് നേതാക്കളിൽ പി.ജെ. ജോസഫ് ഒഴികെയുള്ള പ്രധാന നേതാക്കളെല്ലാം ഉണ്ട്. എല്ലാവരുമായും കൂടിയാലോചന നടത്തുന്നുണ്ട്. ഏതെങ്കിലും കാര്യത്തിൽ അതില്ല എന്ന ആക്ഷേപം വന്നാൽ അത് പരിഹരിക്കും. പാർട്ടിയിലെ വലുതെന്നോ ചെറുതെന്നോ ഭേദമില്ലാതെ ആർക്കും തന്നെ വിമർശിക്കാം. എന്റെ പ്രവർത്തനങ്ങളും ഞാൻ ചെയ്യുന്ന കാര്യങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കണം തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം. വിമർശനം കേട്ടാൽ പൊട്ടിത്തെറിക്കുന്നയാളല്ല ഞാൻ.' -മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Chief Minister V.D. Satheesan declined to respond to public criticism from UDF Convener Adoor Prakash, saying it takes two hands to clap, while emphasizing that he functions subject to party decisions and welcomes feedback.