ഭേദഗതി കൊണ്ടുവന്ന സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി; ഓര്‍ഡിനന്‍സിലൂടെ നിയമം നടപ്പാക്കില്ല

Pinarayi Vijayan | Photo: Mathrubhumi
Pinarayi Vijayan | Photo: Mathrubhumi

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയുടെ ദുരുപയോഗവും ആളുകള്‍ നിയമം കയ്യിലെടുക്കുന്നതും ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ നിയമത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

ഓര്‍ഡിനന്‍സിലൂടെ ഇനി ഇത്തരം നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭയിലൂടെ മാത്രമായിരിക്കും ഇനി നിയമം നടപ്പിലാക്കുയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

സ്ത്രീകളെ മോശമായി അധിക്ഷേപിക്കുക, മോശമായ ചിത്രങ്ങള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുക, ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിക്കുക എന്നിങ്ങനെയുള്ള അനേക സംഭവങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്. ഇത് തടയണം എന്ന ആവശ്യം പ്രതിപക്ഷത്തു നിന്നടക്കം ഉയര്‍ന്നിരുന്നു. ഇത്തരം ചില സംഭവങ്ങളുടെ ഭാഗമായി ആത്മഹത്യ പോലും ഉണ്ടായി. ജീവിതം താറുമാറായ സംഭവമുണ്ടായി. ഫോട്ടോ വീഡിയോ എന്നിവ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട സംഭവങ്ങളും അതിന്റെ ഭാഗമായി ജീവിതം നഷ്ടപ്പെട്ടവരും ചുറ്റിലുമുണ്ട്. ഇതില്‍ പരിഹാരമുണ്ടാക്കാനായി സദുദ്ദേശത്തോടെയാണ് സര്‍ക്കാര്‍ പോലീസ് നിയമ ഭേദഗതി കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പ്രതിപക്ഷ നേതാക്കളടക്കമുള്ളവര്‍ ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു യോഗത്തില്‍ മാധ്യമ മേധാവികളുടെ പ്രധാന നിര്‍ദേശമായി വന്നത് ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാനാവുന്നില്ലെന്നും കര്‍ശനമായി നേരിടുന്ന നിയമം വേണമെന്നുമായിരുന്നു. ഇങ്ങനെ വിവിധ മേഖലകളില്‍ നിന്ന് വന്ന അഭിപ്രായം ചൂണ്ടിക്കാട്ടിയതിനാലാണ് നിയമഭേദഗതിക്കൊരുങ്ങിയത്. എന്നാല്‍ നിയമം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചു. എല്‍ഡിഎഫിനെ പിന്താങ്ങുന്നവരും പൊതുജനാധിപത്യം സംരക്ഷിക്കുന്നവരുമെല്ലാം ഇക്കാര്യം ചൂണ്ടിക്കാണിച്ചു. യോഗത്തില്‍ ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടവര്‍ വരെ മുഖപ്രസംഗത്തില്‍ നിയമത്തിന്റെ ദുരുപയോഗ സാധ്യത ചൂണ്ടിക്കാട്ടി. ഒരു വലിയ ആശങ്ക പൊതു സമൂഹത്തില്‍ ഉയരുമ്പോള്‍ ആശങ്ക പരിഗണിക്കാതിരിക്കാന്‍ പറ്റില്ല. 

 ഏതെങ്കിലും മാധ്യമത്തെ തടുത്തു നിര്‍ത്തുക എന്നത് സര്‍ക്കാരിന്റെ ഉദ്ദേശമല്ല. ഇടതുപക്ഷ സര്‍ക്കാരിനെ സര്‍ക്കാരുള്ളപ്പോഴും ഇല്ലാത്തപ്പോഴും തുടര്‍ച്ചയായി എതിര്‍ത്തു വന്ന മാധ്യമങ്ങളുണ്ട്. ശത്രുതാപരമായ എതിര്‍പ്പു വരെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഏതെങ്കിലും ഇടതുസര്‍ക്കാര്‍ ഏതെങ്കിലും ഘട്ടത്തില്‍ ശത്രുതാപരമായ സമീപനം ഒരു മാധ്യമങ്ങളോടും വെച്ചു പുലര്‍ത്തിയിട്ടില്ല. ഞങ്ങള്‍ ചെയ്തത് സദുദ്ദേശപരമായിരുന്നു. ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെ പിന്താങ്ങുന്നവരും പൊതുജനാധിപത്യത്തെ സംരക്ഷിക്കുന്നവരും ചൂണ്ടിക്കാണിച്ചപ്പോള്‍ ആ ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസത്തെ മന്ത്രിസഭായോഗത്തില്‍ അത് പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സും ഇറക്കി, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

content highlights: CM Pinarayi Vijayan pressmeet explaining the reasons behind Police act amendment ordinance

Content Highlights: