ലോക്ക്ഡൗണ്‍ കാലത്ത് തപാല്‍ വകുപ്പ് കാഴ്ചവച്ചത് മികച്ച പ്രവര്‍ത്തനം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് സഞ്ചരിക്കുന്ന തപാലാപ്പീസുകള്‍ സജ്ജമാക്കിയും ജീവന്‍രക്ഷാ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണം നടത്തിയും തപാല്‍ വകുപ്പ് കാഴ്ചവച്ചത് മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തപാല്‍ വകുപ്പിലെ ജീവനക്കാരുടെ സേവനങ്ങളെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പരിമിതമായ സഞ്ചാര സ്വാതന്ത്ര്യമുള്ളവര്‍, അശരണര്‍, വിധവകള്‍, മറ്റു രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍, തുടങ്ങിയവര്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ അവരുടെ വീടുകളിലേക്കെത്തിച്ചു നല്‍കാന്‍ തപാല്‍ വകുപ്പിനായി. 

ഇതുവരെ, 48.76 കോടി രൂപയുടെ 3,13,719 ക്ഷേമപെന്‍ഷനുകളാണ് ഗുണഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇടമലക്കുടി ഗ്രാമത്തിലെ ആദിവാസി ഊരുകളില്‍ 74 ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തു. 16.91കോടി രൂപയുടെ 21,577 സര്‍വീസ് പെന്‍ഷനുകളും ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ തപാല്‍ വകുപ്പിന് സാധിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ ഉപഭോക്താക്കള്‍ക്ക് പണം വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയും തപാല്‍ വകുപ്പ് നടപ്പാക്കിയിരുന്നു. 48, 598 ഉപഭോക്താക്കളാണ് അവരുടെ വീട്ടുപടിയ്ക്കല്‍ തന്നെ പോസ്റ്റ്മാനില്‍ നിന്നും ഇത്തരത്തില്‍ പണം കൈപ്പറ്റിയത്. 

കോവിഡ് 19-നെതിരെയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ആദരമായി കേരള തപാല്‍ സര്‍ക്കിള്‍ ഒരു പ്രത്യേക തപാല്‍ കവര്‍ തന്നെ പുറത്തിറക്കി. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സംഭവം. ഇത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുകൂടാതെ, ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി എന്റെ കൊറോണ പോരാളികള്‍ എന്ന പേരില്‍ ഇ പോസ്റ്റ്‌ പദ്ധതിക്കും തപാല്‍ വകുപ്പ് തുടക്കമിട്ടിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കോവിഡ്-19; 15 പേര്‍ രോഗമുക്തി നേടി | Read More..  

പ്രവാസികളുടെ മൃതദേഹം എത്തിക്കാനുള്ള തടസം ഒഴിവാക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി  | Read More..  

കോവിഡ് ഇതര രോഗമുള്ളവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍വഴി നല്‍കും  | Read More..  

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി, അസംഘടിത തൊഴിലാളികള്‍ക്കായി 15 കോടിയും അനുവദിച്ചു  | Read More..

ലോക്ക്ഡൗണ്‍ കാലത്ത് തപാല്‍ വകുപ്പ് കാഴ്ചവച്ചത് മികച്ച പ്രവര്‍ത്തനം: മുഖ്യമന്ത്രി | Read More..  

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ കാഴ്ചവെക്കുന്നത് മികച്ച പ്രവര്‍ത്തനം- മുഖ്യമന്ത്രി | Read More..

സ്പ്രിംക്ലറില്‍ ഹൈക്കോടതിയുടെ ഉത്തരവ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിരാകരിക്കുന്നത് - മുഖ്യമന്ത്രി | Read More..

content highlight: cm pinarayi vijayan appreciated postal department for their special initiatives during lock down 

Content Highlights: