'തെറ്റ് പറ്റിയെന്ന് നവീൻ ഏറ്റുപറഞ്ഞെന്ന കളക്ടറുടെ വാദം കെട്ടിച്ചമച്ചത്'; ദുരൂഹത ആവർത്തിച്ച് കുടുംബം

പത്തനംതിട്ട: മുൻ എഡി.എം. നവീൻബാബു മരിച്ചതിന് മുമ്പുള്ള രണ്ടു ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ഫോണിലേക്ക് വന്ന ഫോൺകോളുകൾ തിരിച്ചറിയാനാകുമോയെന്ന് കുടുംബത്തോട് പോലീസ്. കണ്ണൂരിൽനിന്ന് നവീൻബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഫോണിൽവന്ന നമ്പരുകൾ തിരിച്ചറിയാനുള്ള ശ്രമം നടത്തിയത്.
ഒക്ടോബർ 14-ന് നടന്ന യാത്രയയപ്പ് ദിവസം കുടുംബാംഗങ്ങളുമായി നവീൻ ഫോണിൽ സംസാരിച്ചിരുന്നോയെന്ന് അന്വേഷിച്ചു. നവീനെ വിളിച്ചവരിൽ, അന്വേഷണസംഘം ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതിരുന്ന നമ്പരുകൾ സംബന്ധിച്ച വിവരങ്ങളാണ് കുടുംബത്തിൽനിന്ന് പോലീസിന് അറിയേണ്ടിയിരുന്നത്. അറിയാവുന്ന നമ്പരുകളെക്കുറിച്ചുള്ള വിവരങ്ങൾ കുടുംബം പോലീസിന് നൽകി.
കണ്ണൂർ കളക്ടറും നവീൻ ബാബുവുമായുണ്ടായിരുന്ന ബന്ധം സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി.
മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പരാതിയിലും കണ്ണൂർ കളക്ടർക്കെതിരേ നൽകിയ മൊഴിയിലും കുടുംബാംഗങ്ങൾ ഉറച്ചുനിന്നു. യാത്രയയപ്പ് ചടങ്ങ് ഒരുക്കിയതിലും പെട്രോൾ പമ്പ് ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ദുരൂഹതയുണ്ടെന്ന് കുടുംബം മൊഴി നൽകി.
നവീൻ ബാബു മരിച്ച് ഒരുമാസം തികഞ്ഞ ദിവസമായ വ്യാഴാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം വീട്ടിലെത്തിയത്.
നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ, സഹോദരൻ അഡ്വ. പ്രവീൺ ബാബു, ബന്ധു ഹരീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് നവീൻ ബാബുവിന്റെ സംസ്കാരദിവസം വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.
തനിക്ക് തെറ്റ് പറ്റിയെന്ന് നവീൻ ഏറ്റുപറഞ്ഞുവെന്ന കണ്ണൂർ കളക്ടറുടെ വാദം കെട്ടിച്ചമച്ചതാണെന്ന് കുടുംബം മൊഴിയിൽ ആവർത്തിച്ചെന്നാണു സൂചന.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ, പെട്രോൾ പമ്പ് ലൈസൻസിന് അപേക്ഷ നൽകിയ ടി.വി. പ്രശാന്ത് എന്നിവർക്കെതിരേ സഹോദരൻ അഡ്വ. പ്രവീൺ ബാബു കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിതിനെത്തുടർന്നാണ് കേസെടുത്തിട്ടുള്ളത്.
കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള മൊഴിയെടുക്കൽ ഒന്നേമുക്കാൽ മണിക്കൂർ തുടർന്നു.
വ്യാഴാഴ്ച പത്തനംതിട്ട കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സംഘം നവീൻബാബുവിന്റെ വീട്ടിലെത്തിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു, സി.പി.ഒ. ഷിജി എന്നിവരുമുണ്ടായിരുന്നു.
Content Highlights: claim of collector that Naveen confessed that he made a mistake was fabricated, says family