സി.ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചോ? കണ്ടെത്തിയ ഡയറിയിൽ നിർണായക വിവരങ്ങൾ

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ തേടി അന്വേഷണ സംഘം. റോയിക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ചും അന്വേഷിക്കും. കുടുംബാഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ജീവനക്കാരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഓഫീസിലെത്തിയ സമയത്തെ സംബന്ധിച്ച് പോലും വൈരുദ്ധ്യമുണ്ട്.
സുരക്ഷാ ജീവനക്കാരുടെ മൊഴി അനുസരിച്ച് ഉച്ചയ്ക്ക് 2 മണിക്കാണ് റോയി ഓഫീസിലെത്തിയത്. സഹപ്രവർത്തകൻ ടിജെ ജോസഫിന്റെ മൊഴിയിൽ അത് മൂന്ന് മണിയാണ്. വെടിയൊച്ച കേട്ടില്ലെന്ന വാദത്തിലും അന്വേഷണം നടക്കുകയാണ്.
റോയിയുടെ ഡയറിയിൽ നിന്ന് വ്യക്തിപരമായി എന്തോ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന സൂചന എസ്‌ഐടിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഡയറിയിൽ കുടുംബത്തോട് മാപ്പ് ചോദിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് പണം തിരികെ കൊടുക്കണം, ജീവനക്കാരെ കൂടെ നിർത്തണം, ബിസിനസ് ആരെ ഏൽപ്പിക്കണം തുടങ്ങിയ കാര്യങ്ങൾ ഡയറിയിൽ കുറിച്ചിട്ടുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. ആത്മഹത്യ നേരത്തേ തീരുമാനിച്ചിരുന്നുവെന്നുള്ള സൂചന ലഭിക്കുന്നുണ്ട്. റോയിയുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധയ്ക്ക് വിധേയമാക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മരണത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്നും റോയിയുടെ സഹോദരൻ സി.ജെ. ബാബു മാധ്യമങ്ങളോട് പറഞ്ഞത്. എന്തെങ്കിലും സമ്മർദമുള്ളതായി റോയ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നില്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകുമെന്നും ബാബു കൂട്ടിച്ചേർത്തു.
ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ വെള്ളിയാഴ്ചയാണ് റോയ് (57) സ്വയം വെടിവെച്ച് മരിച്ചത്. ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് റോയിയുടെ കുടുംബം ആരോപിച്ചിരുന്നു. അതേ സമയം റോയിയുടെ മരണദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. വെള്ളിയാഴ്ച ഓഫീസിൽ റെയ്ഡ് നടന്നിട്ടില്ലെന്നും റോയിയുമായി തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥർ കർണാടക പോലീസിന് മൊഴി നൽകി. അഡീഷണൽ കമ്മിഷണർ മാനസികമായി പീഡിപ്പിച്ചുവെന്ന റോയിയുടെ സഹോദരന്റെ ആരോപണം വാസ്തവവിരുദ്ധമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിസിടിവി പരിശോധനയിൽനിന്ന് പോലീസ് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Confident Group Chairman CJ Roy`s suicide: Investigation focuses on financial and personal issues. Diary entries suggest pre-planned death and apologies to family.