യുദ്ധസജ്ജരാകാൻ സിഐഎസ്എഫ്; കശ്മീർതാഴ്വരയിൽ പട്ടാളവുമായി ചേർന്ന് തീവ്രപരിശീലനം

കൊച്ചി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) യുവഭടൻമാരെ യുദ്ധസജ്ജരാക്കുന്നു. കശ്മീർതാഴ്വരയിൽ പട്ടാളവുമായി ചേർന്നാണ് തീവ്രപരിശീലനം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്, സിഐഎസ്എഫിന്റെ ചരിത്രത്തിലാദ്യമായി ഇത്തരമൊരു നീക്കം.
ഡ്രോൺ ആക്രമണം, തീവ്രവാദ ആക്രമണം, ആഭ്യന്തരലഹള എന്നിവയ്ക്കെതിരേയുള്ള ഓപ്പറേഷനുകൾക്ക് സേനയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. വിമാനത്താവളങ്ങൾ, ആണവകേന്ദ്രങ്ങൾ, പാർലമെന്റ്, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവരെ വിന്യസിക്കും.
സിഐഎസ്എഫിന്റെ ദ്രുത് പ്രതികരണ സംഘത്തിലെ (ക്യുആർടി) 35 വയസ്സിന് താഴെയുള്ളവരെയാണ് തീവ്രപരിശീലനത്തിനായി തിരഞ്ഞെടുക്കുക. പാർലമെന്റ് സുരക്ഷാ ചുമതലയുള്ള സംഘത്തിന്റെ പരിശീലനം കശ്മീരിൽ തുടങ്ങി. രണ്ടാംഘട്ടത്തിൽ കേരളത്തിൽ നിന്നുള്ളവരുമുണ്ടാകും.
രാത്രികാല ഓപ്പറേഷനുകൾ, കാട്ടിലെ യുദ്ധതന്ത്രം, ആയുധധാരിയായ ശത്രുവിനെ അടുത്തുനിന്ന് നേരിടേണ്ട രീതി എന്നിവയിലാണ് പട്ടാളം പരിശീലനം നൽകുന്നത്. സിഐഎസ്എഫിന്റെ രാജ്യത്തെ 369 യൂണിറ്റുകളിൽ നിന്നുള്ള ഭടൻമാരെ ഇതിനായി തിരഞ്ഞെടുക്കുന്നുണ്ട്. കേരളത്തിൽ 15 യൂണിറ്റാണുള്ളത്.
Content Highlights: cisf force trained by army in jammu kashmir